വടക്കുകിഴക്കൻ ഇന്ത്യയുടെ പച്ചപ്പണിഞ്ഞ താഴ്വരകളിൽ, അസമിലെ ബോഡോ സമുദായം ലോകത്തിന് നൽകിയ ഏറ്റവും മനോഹരമായ സമ്മാനമാണ് ബഗുറുമ്പ. ഇത് കേവലം ഒരു നൃത്തമല്ല. മറിച്ച് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ ഹൃദയതാളമാണ് . മനുഷ്യനും പ്രകൃതിയും ഒരേ താളത്തിൽ ചലിക്കണമെന്ന ആഴമുള്ള ഒരു മാനുഷിക സന്ദേശമാണ് ഈ കലാരൂപം നൽകുന്നത്.
തലമുറകളായി ബോഡോ ഗോത്രവിഭാഗങ്ങൾ കൈമാറി വന്ന സാംസ്കാരിക പൈതൃകമാണ് ബഗുറുമ്പ. പ്രകൃതിയെ നിരീക്ഷിക്കുന്നതിൽ നിന്നാണ് ഇതിന്റെ ഉത്ഭവം . പണ്ട് കാലത്ത് ബോഡോ ഗ്രാമങ്ങളിലെ പെൺകുട്ടികൾ, ചിത്രശലഭങ്ങളുടെയും, പുഴയുടെയും, ചെടികളുടെയും ചലനങ്ങൾ അനുകരിക്കാൻ ശ്രമിച്ചതിൽ നിന്നാണ് ഈ നൃത്തം രൂപപ്പെട്ടത് എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇതിനെ “ചിത്രശലഭ നൃത്തം” എന്നും വിളിക്കുന്നു. യുദ്ധങ്ങളില്ലാത്ത, ശാന്തമായ ഒരു സമൂഹത്തിന്റെ പ്രതീകമായാണ് ചരിത്രകാരന്മാർ ബഗുറുമ്പ നൃത്തത്തെ കാണുന്നത്.
അസമിലെ പുതുവർഷാഘോഷമായ ‘ബൈസാഗു’ (വസന്തം) ഉത്സവത്തോടനുബന്ധിച്ചാണ് ബഗുറുമ്പ അരങ്ങേറുന്നത്. ഏപ്രിൽ പകുതിയോടെ പ്രകൃതി പുതിയ ഇലകളും പൂക്കളും ചൂടി നിൽക്കുന്ന വസന്തകാലത്താണ് ഈ നൃത്തം അവതരിപ്പിക്കുന്നത്. വറുതിയുടെ കാലം കഴിഞ്ഞ് സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നാളുകളെ വരവേൽക്കാൻ ബോഡോ ജനത ഈ നൃത്തത്തിലൂടെ ഒരുമിച്ച് ചേരുന്നു. വലിയ സാമൂഹിക പ്രാധാന്യമുണ്ട് ബഗുറുമ്പയ്ക്ക് .ബോഡോ സ്ത്രീകൾ ഒരുമിച്ച് അണിനിരക്കുന്ന ഈ നൃത്തരൂപങ്ങളൊക്കെ സ്ത്രീ ശാക്തീകരണവം നാരീ ശക്തിയുമാണ് വിളിച്ചോതുന്നത്.
തോക്കുകൾ നിശബ്ദമായ താഴ്വരയിൽ ഇപ്പോൾ നൃത്തത്തിന്റെ താളമാണ് അവരനുഭവിക്കുന്നത്. വംശീയ കലാപങ്ങളും സംഘർഷങ്ങളും കൊണ്ട് നിറം മങ്ങിയ അസമിൻറെ ഉൾഗ്രാമങ്ങളിൽ ബഗുറുമ്പ പകരുന്ന മാനവികതയുടെ സന്ദേശം ചെറുതല്ല. ജാതി മത ഭേദങ്ങൾക്ക് അതീതമായി പതിനായിരക്കണക്കിന് മനുഷ്യർ ഒരേ താളത്തിൽ നൃത്തം ചെയ്യുമ്പോൾ ആ താളം മനുഷ്യത്വത്തിൻറേതു മാത്രമാണ് . പ്രകൃതിയെ നശിപ്പിക്കാനല്ല, മറിച്ച് പ്രകൃതിയുടെ ഭാഗമാകാനാണ് മനുഷ്യൻ ശ്രമിക്കേണ്ടതെന്ന ഓർമ്മപ്പെടുത്തലാണ് ഓരോ ചുവടിലും.
മഞ്ഞ നിറത്തിലുള്ള ‘ദോഖോന’ ഉടുത്ത്, കൈകളിൽ ‘ജ്വംഗ്രാ’ (സ്കാർഫ്) വിടർത്തി പിടിച്ച് നർത്തകർ വരിവരിയായി നീങ്ങുന്നത് കാണാൻ ചിറകുവിരിച്ച ചിത്രശലഭക്കൂട്ടം പറക്കുന്നതുപോലെ തോന്നും. പുല്ലാങ്കുഴലിന്റെയും ഡ്രമ്മിന്റെയും താളം ഗ്രാമങ്ങളിലുടനീളം വസന്തത്തിന്റെ സംഗീതം നിറയ്ക്കുന്നു.
ഇന്ന് ‘ബഗുറുമ്പ ധൗ’ പോലുള്ള വലിയ പരിപാടികളിലൂടെ ലോകത്തിന്റെ ശ്രദ്ധ ഈ കലാരൂപത്തിലേക്ക് തിരിയുകയാണ്. യന്ത്രങ്ങളെപ്പോലെ പായുന്ന ആധുനിക ലോകത്ത്, ഒരു നിമിഷം നിൽക്കാനും പ്രകൃതിയെ നോക്കി പുഞ്ചിരിക്കാനുമാണ് ബഗുറുമ്പ നമ്മോട് ആവശ്യപ്പെടുന്നത്. ഇത് അസമിലെ ബോഡോകളുടെ മാത്രം നൃത്തമല്ല, മറിച്ച് ഭൂമിയെ സ്നേഹിക്കുന്ന എല്ലാ മനുഷ്യരുടെയും ഹൃദയതാളമാണ്.












Discussion about this post