ന്യൂഡൽഹി : സിപിഐ(മാവോയിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗം പ്രമോദ് മിശ്ര അറസ്റ്റിൽ. ബിഹാറിലെ ഗയയിൽ പോലീസ് നടത്തിയ തിരച്ചിലിലാണ് ഇയാൾ പിടിയിലായത്. ഓപ്പറേഷനിൽ മിശ്രയുടെ അടുത്ത അനുയായി അനിൽ യാദവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗയ പോലീസ് സീനിയർ സൂപ്രണ്ടാണ് ഇക്കാര്യം അറിയിച്ചത്.
ജാർഹി ടോള ഗ്രാമത്തിലെ ബന്ധുവിനെ സന്ദർശിക്കാൻ പ്രമോദ് മിശ്ര എത്തിയതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാളെയും അനുയായിയെയും പിടികൂടിയത്. മിശ്രയുടെ തലയ്ക്ക് ജാർഖണ്ഡ് പോലീസ് ഒരു കോടി രൂപയാണ് വിലയിട്ടിരുന്നത്. ഇയാളെ ഇപ്പോൾ സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്. ഡൽഹി, പഞ്ചാബ്, ഹരിയാന എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ കമ്യൂണിസ്റ്റ് ഭീകരത വളർത്താൻ നിർണായക പങ്ക് വഹിച്ചയാളാണ് മിശ്ര.
2021 നവംബർ 14-ന് ഒരു കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയ സംഭവത്തിലെ പിടികിട്ടാപ്പുള്ളിയായിരുന്നു പ്രമോദ് മിശ്ര. ബിഹാറിലെ ഔറംഗബാദിലെ കസ്മ ഗ്രാമത്തിൽ നിന്നുള്ള പ്രമോദ് മിശ്ര തൊണ്ണൂറുകളുടെ തുടക്കത്തിൽ മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്റർ ഓഫ് ഇന്ത്യയിൽ (എംസിസി) ചേർന്നതായി പോലീസ് രേഖകൾ പറയുന്നു. എംസിസിയും പീപ്പിൾസ് വാർ ഗ്രൂപ്പും (പിഡബ്ല്യുജി) ലയിച്ചതിന് ശേഷം 2004ൽ രൂപീകരിച്ച സിപിഐയുടെ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റി അംഗമായി ഇയാൾ.
2007ൽ സിപിഐ (മാവോയിസ്റ്റ്) പൊളിറ്റ് ബ്യൂറോ അംഗമാകുകയും ഒമ്പതാം പാർട്ടി കോൺഗ്രസിൽ ഡൽഹിയിലെ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുകയും ചെയ്തു. 2006-ലെ തീവ്രവാദത്തെക്കുറിച്ചുള്ള യുണൈറ്റഡ് സ്റ്റേറ്റ്‌സ് കൺട്രി റിപ്പോർട്ടിൽ ഇയാളുടെ പേര് ഉണ്ടായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സോഹൻ ദാ, ശുക്ല ജി, കനയ്യ, ജഗൻ ഭാരത്, നൂർ ബാബ, ബിവി ജി, അഗ്‌നി, ബാൻ ബിഹാരി എന്നിങ്ങനെ എട്ടോളം അപരനാമങ്ങൾ ഇയാൾക്കുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. 2008ൽ ബിഹാർ സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തെങ്കിലും തെളിവുകളുടെ അഭാവത്തിൽ 2017 ൽ ഇയാളെ വിട്ടയയ്ക്കുകയായിരുന്നു.









