ജയ്പൂർ: രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎയിൽ നിന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥനിൽ നിന്നും ഏറ്റുവാങ്ങേണ്ടിവന്ന ക്രൂര പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തി ദളിത് യുവാവ്. കോൺഗ്രസ് എംഎൽഎ ഗോപാൽ മീണയ്ക്കും, ഡിഎസ്എപി ശിവ് കുമാർ ഭരത്വാജിനെതിരെയുമാണ് ഗുരുതര ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ദളിത് യുവാവ് പോലീസിന് സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 27 നായിരുന്നു ഇരവരുടെയും ക്രൂര പീഡനത്തിന് ഇരയാകേണ്ടിവന്നത് എന്നാണ് ദളിത് യുവാവ് പറയുന്നത്. ഭയം മൂലം പോലീസിൽ പരാതി നൽകാൻ വൈകുകയായിരുന്നു. സംഭവ ദിവസം കൃഷി സ്ഥലത്ത് പണികളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു പരാതിക്കാരൻ. ഇതിനിടെ കുറച്ച് പോലീസുകാർ എത്തി പിടിച്ചുകൊണ്ടു പോയി സ്റ്റേഷനിൽവച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
സ്റ്റേഷനിൽ ഗോപാൽ മീനയും ഉണ്ടായിരുന്നു. സ്റ്റേഷനിൽവച്ച് ശിവ കുമാർ ക്രൂരമായി മർദ്ദിച്ചു. പിന്നാലെ ദേഹത്ത് മൂത്രമൊഴിച്ചു. കോൺഗ്രസ് എംഎൽഎ ഭീഷണിപ്പെടുത്തി. താനാണ് ഇവിടുത്തെ രാജാവെന്നും അനുസരിക്കണമെന്നും ആജ്ഞാപിച്ചു. ഇതിന് ശേഷം ധരിച്ചിരുന്ന ചെരുപ്പ് നക്കിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
മൊബൈൽ ഫോൺ പോലീസ് തട്ടിയെടുത്തതായി ദളിത് യുവാവ് പ്രതികരിച്ചു. പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തി. പരാതി കൊടുത്തപ്പോൾ ആദ്യം കേസ് എടുക്കാൻ തയ്യാറായില്ല. തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സമീപിക്കുകയായിരുന്നുവെന്നും യുവാവ് വ്യക്തമാക്കി.









