ആലപ്പുഴ: ആവേശത്തിന്റെ തുഴയെറിഞ്ഞ് 69ാമത് നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്. രാവിലെ 11 മണി മുതൽ മത്സരങ്ങൾ ആരംഭിക്കും. മത്സരങ്ങൾ കാണാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് പുന്നമടകായലിന്റെ തീരത്തേക്ക് ഒഴുകിയെത്തുന്നത്.
ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 72 കളിവള്ളങ്ങളാണ് ഇത്തവണ നെഹ്‌റു ട്രോഫി വള്ളം കളിയിൽ മാറ്റുരയ്ക്കുന്നത്. രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങളാണ്. ഇതിന് ശേഷം ഉച്ച തിരിഞ്ഞാകും ചുണ്ടൻ വള്ളങ്ങളുടെ മത്സരം. മുഖ്യമന്ത്രി പിണറായി വിജയനാണ് ചടങ്ങിന്റെ മുഖ്യാതിഥി. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് അദ്ദേഹം പതാക ഉയർത്തും. അഞ്ച് മന്ത്രിമാരും ചീഫ് ജസ്റ്റിസും ഉദ്ഘാടന ചടങ്ങിലെത്തും.
ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ഇക്കുറി വള്ളം കളി നടക്കുന്നത് എന്ന പ്രത്യകതയുണ്ട്. 2017 ന് ശേഷം ഈ വർഷമാണ് ടൂറിസം കലണ്ടർ അനുസരിച്ച് ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച നടക്കുന്നത്. വള്ളം കളിക്കായുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ പൂർത്തിയായിട്ടുണ്ട്. കർശന സുരക്ഷാ സജ്ജീകരണങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്.











Discussion about this post