കൊല്ലം : മാസപ്പടി വിഷയത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പിഎ മുഹമ്മദ് റിയാസും മാളത്തിലൊളിച്ചിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ക്യാപ്റ്റന്‍, ഇരട്ടച്ചങ്കന്‍ എന്നെല്ലാം ആഘോഷിക്കപ്പെടുന്ന പിണറായി വിജയന്‍ മൂന്ന് ദിവസമായി ഒരക്ഷരം മിണ്ടുന്നില്ല. മുഹമ്മദ് റിയാസ് രാജ്യത്തെ ഏത് വിഷയത്തിലും അഭിപ്രായം പറയുന്ന ആളായിരുന്നു. ഇപ്പോള്‍ മിണ്ടാട്ടമില്ലന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
വീണാ വിജയന് എതിരെ ആദായ നികുതി വകുപ്പിന്റെ വിധി വന്നിട്ടും കോണ്‍ഗ്രസിന് നിയമ സഭയില്‍ വിഷയം ഉന്നയിക്കാന്‍ താത്പര്യമില്ല. വി.ഡി.സതീശന്‍ സഭയില്‍ നിന്ന് പുറത്തുപോകുന്ന വേളയിലാണ് മാത്യു കുഴല്‍നാടന്‍ വായ തുറക്കുന്നെതന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരളത്തില്‍ ‘പിണറായി വിജയന്‍ ഐക്യമുന്നണി’ മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. പുതുപ്പള്ളിയില്‍ ഇരുകൂട്ടരും കൂടി ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതാകും നല്ലതെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
കരിമണല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയവരില്‍ സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും മുസ്ലീം ലീഗിന്റേയും നേതാക്കളുണ്ട്. അതുകൊണ്ടാണ് സഹകരണത്തോടെ വിഷയത്തില്‍ ഇരുകൂട്ടരും നീങ്ങുന്നത്. കബളിപ്പിക്കലിന്റേയും ഒത്തുതീര്‍പ്പിന്റേയും രാഷ്ട്രീയം ജനം തിരിച്ചറിയുമെന്നും കേന്ദ്ര മന്ത്രിപ്രതികരിച്ചു.
Discussion about this post