ന്യൂഡൽഹി : പുരുഷന്മാർക്ക് എന്തൊക്കെ ചെയ്യാൻ കഴിയുന്നുവോ അതെല്ലാം സ്ത്രീകൾക്കും ചെയ്യാൻ കഴിയുമെന്ന് ഇന്ത്യയുടെ മിസൈൽ വനിത ഡോ. ടെസി തോമസ്. ഡൽഹിയിൽ ഒരു ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മലയാളി ശാസ്ത്രജ്ഞയായ ടെസി തോമസ്.
രാജ്യത്തിന്റെ ആവശ്യവും തനിക്ക് നൽകപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വവുമാണ് തന്റെ പ്രചോദനം. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകൾക്കും എന്തും ചെയ്യാൻ കഴിയുന്നതാണ് അവരെ യാതൊന്നിനും തടയാൻ കഴിയുകയില്ല. മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് നിരവധി സ്ത്രീകൾ നേതൃസ്ഥാനങ്ങളിലേയ്ക്ക് ഉയർന്നു വരുന്നുണ്ട് എന്നും ടെസി തോമസ് തന്റെ പ്രഭാഷണത്തിൽ വ്യക്തമാക്കി.
നേതൃസ്ഥാനത്ത് ഇരിക്കുന്ന ഒരാൾ യഥാർത്ഥ ഉത്തരവാദിത്വം എന്താണെന്ന് മനസ്സിലാക്കുകയാണ് വേണ്ടത്. മിസൈൽ പരീക്ഷണങ്ങൾ നടത്തുമ്പോൾ 18 മണിക്കൂറോളം വരെയൊക്കെ ജോലി ചെയ്യേണ്ടി വരാറുണ്ട്. പുലർച്ചെ മൂന്നുമണിവരെ ഉറക്കമൊഴിഞ്ഞും എല്ലാവരും ചേർന്ന് ജോലി ചെയ്തിട്ടുണ്ട്. എങ്കിലും ശാസ്ത്രജ്ഞർ ഒരിക്കലും വിട്ടു കൊടുക്കാറില്ല, അവർ പരിശ്രമിച്ചു കൊണ്ടേയിരിക്കും. സഹപ്രവർത്തകരുടെ പിന്തുണയും ഒപ്പം നാവികസേനാ ഉദ്യോഗസ്ഥനായ ഭർത്താവിന്റെയും കുടുംബത്തിന്റെയും പിന്തുണയും തന്റെ വിജയത്തിന് പുറകിലുണ്ടെന്ന് മിസൈൽ വനിത വ്യക്തമാക്കി.










