യു കെ : ഇന്ത്യയിൽ സാമ്പത്തിക വഞ്ചനാകേസുകളിൽ ഉൾപ്പെട്ടതോടെ യുകെയിലേക്ക് മുങ്ങിയ ശതകോടീശ്വരന്മാരായ നീരവ് മോദിയെയും വിജയ് മല്യയെയും പോലുള്ള കുറ്റവാളികളെ സംരക്ഷിക്കാൻ യു കെ ഉദ്ദേശിക്കുന്നില്ല എന്ന് ബ്രിട്ടീഷ് സുരക്ഷാ മന്ത്രി ടോം തുഗെൻധട്ട്. നീതിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവർക്ക് ഒളിച്ചിരിക്കാവുന്ന സ്ഥലമായി മാറാൻ യുണൈറ്റഡ് കിംഗ്ഡത്തിന് ഉദ്ദേശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാൽ ഈ കുറ്റവാളികളെ ഇന്ത്യയ്ക്ക് കൈമാറുന്ന കാര്യത്തിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. നീരവ് മോദിയെയും വിജയ് മല്യയെയും പോലുള്ള സാമ്പത്തിക കുറ്റവാളികളെ ഇന്ത്യക്ക് കൈമാറുന്ന കാര്യത്തിൽ യുകെയുടെ നടപടികളിൽ നിയമപരമായ വ്യക്തത വരുത്തേണ്ടതുണ്ട് എന്നും തുഗെൻധട്ട് അറിയിച്ചു.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് തുഗെൻധട്ട് ഇന്ത്യയിലെത്തിയത്. കൊൽക്കത്തയിൽ നടക്കുന്ന ജി20 അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തിൽ പങ്കെടുക്കുകയാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. ഡൽഹിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും അദ്ദേഹം ചർച്ച നടത്തി.








