ശ്രീഗനർ: ദേശീയപതാക സ്വന്തം വസതിയിൽ ഉയർത്തി കൊടും ഭീകരന്റെ സഹോദരൻ. ജമ്മുകശ്മീരിലെ സോപോറിലാണ് തിരംഗ പാറിയത്. ഹിസ്ബുൾ ഭീകരനായ ജാവിദ് മട്ടോയുടെ സഹോദരൻ റയീസ് മട്ടോയാണ് ദേശീയപതാക അഭിമാനത്തോടെ ഉയർത്തിയത്. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി, ഓഗസ്റ്റ് 13 മുതൽ 15 വരെ നടക്കുന്ന ‘ഹർ ഘർ തിരംഗയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് റയീസ് സ്വവസതിയിൽ ദേശീയ പതാക ഉയർത്തിയത്.
ഹിസ്ബുൾ മുജ്ഹിദീൻ ഭീകരസംഘടനയിലെ സജീവ അംഗമാണ് റയീസിന്റെ സഹോദരനായ ജാവിദ് മട്ടോ. ഫൈസൽ,സാഖിബ്,മുസൈബ് എന്നിങ്ങനെ പല പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. സുരക്ഷാ സേനയുടെ വാണ്ടഡ് ലിസ്റ്റിലുൾപ്പെട്ടയാളാണ് ഈ ഭീകരൻ.
അതേസമയം വൻ ജനപങ്കാളിത്തത്തോടെയാണ് ശ്രീനഗറിൽ തിരംഗ് റാലി സംഘടിപ്പിച്ചത്. ത്രിവർണ പതാക കൈകളിലേന്തി ഭാരത് മാതാ കീ ജയ് മുദ്രാവാക്യം ഉയർത്തി നിരവധി പേരാണ് റാലിക്കെത്തിയത്. ആർട്ടിക്കിൾ 370 റദ്ദാക്കിയാൽ ആരും ത്രിവർണം ഉയർത്തില്ലെന്ന് അവകാശപ്പെട്ടവർക്കുള്ള വലിയ മറുപടിയാണ് ശ്രീനഗറിലെ തിരംഗ റാലിയിലെ വൻ പങ്കാളിത്തമെന്ന് ജമ്മു കശ്മീരിലെ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു.
Discussion about this post