ബംഗളൂരു: ബഹിരാകാശ ഗവേഷണ രംഗത്ത് നിർണായക ചുവടുവയ്പ്പുമായി ഭാരതം. ചാന്ദ്രയാൻ 3 ന്റെ വിക്ഷേപണത്തിന് പിന്നാലെ ആദ്യ സൗര ദൗത്യം വേഗത്തിലാക്കുകയാണ് ഐഎസ്ആർഒ. സൂര്യനിലേക്ക് വിക്ഷേപിക്കാനൊരുങ്ങുന്ന ആദിത്യ എൽ 1 പേടകം ശ്രീഹരിക്കോട്ടയിലെ സ്‌പേസ്‌പോർട്ടിൽ എത്തിച്ചു.
ഇന്ന് രാവിലെയോടെയാണ് പേടകം ശ്രീഹരിക്കോട്ടയിൽ എത്തിച്ചത്. ഈ മാസം അവസാനത്തോടെ പേടകം വിക്ഷേപിക്കാനാണ് നിലവിലെ തീരുമാനം. ഇതിനായുള്ള പൂർത്തീകരണങ്ങൾ ദ്രുതഗതിയിൽ ഐഎസ്ആർഒ നീക്കിക്കൊണ്ടിരിക്കുകയാണ്. ഐഎസ്ആർഒ തന്നെയാണ് ആദിത്യ എൽ 1 എത്തിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിന്റെ ചിത്രങ്ങളും ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
ഭൂമിക്കും സൂര്യനും ഇടയിലുള്ള ലഗ്രാൻജിയൻ പോയിന്റ് ( ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വബലങ്ങൾ ആകർഷണവും വികർഷണവും സൃഷ്ടിക്കുന്ന മേഖല) ഒന്നിൽ സ്ഥിരമായി നിന്ന് സൂര്യനെ പഠിക്കുകയാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. കൊഫോണൽ മാസ് എജക്ഷനുകളുടെ ഉത്ഭവം, ചലനാത്മകത തുടങ്ങിയ സൂര്യന്റെ സവിശേഷതകളാകും പഠിക്കുക. ഇതിന് പുറമേ സൂര്യനിൽ നിന്നുള്ള കണങ്ങളെക്കുറിച്ച് പഠിക്കാനുള്ള ഉപകരണങ്ങളും ആദിത്യയിൽ ഉണ്ട്. സൗര പര്യവേഷണ വാഹനമായ ആദിത്യ എൽ1 ന് 400 കിലോ ഭാരമാണ് ഉള്ളത്. ഇതിൽ വിസിബിൾ എമിഷൻ ലൈൻ കൊറോണഗ്രാഫ് ഉൾപ്പെടെ ഏഴ് ഉപകരണങ്ങൾ ഉണ്ട്.
ലാഗ്രാൻജിയന്റെ പോയിന്റിൽ ഭൂമിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുപോലെ ബഹിരാകാശ പേടകങ്ങളും പാർക്ക് ചെയ്യാം. ഭൂമിയിൽ നിന്നും 15 ലക്ഷം കിലോമീറ്റർ അകലെയാണ് എൽ 1 പോയിന്റ്. ഇവിടെ പാർക്ക് ചെയ്യുന്നതിനാൽ ഇന്ധന ചിലവും കുറവായിരിക്കും. സൂര്യനെ തടസ്സങ്ങളില്ലാതെ മുഴുവനായും ആദിത്യ എൽ 1 ന് കാണ്ട് തടസ്സമില്ലാതെ പഠിക്കാനാകും.
Discussion about this post