ശ്രീനഗർ: രാജ്യം സ്വാതന്ത്ര്യദിനാഘോഷത്തിനായി ഒരുങ്ങുന്നതിനിടെ കശ്മീരിൽ നിന്നും സ്‌ഫോടക വസ്തു കണ്ടെത്തി സുരക്ഷാ സേന. ബരാമുള്ള ജില്ലയിലായിരുന്നു സംഭവം. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
വൈകീട്ടോടെയായിരുന്നു സ്‌ഫോടക വസ്തു കണ്ടെത്തിയത്. സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി പ്രദേശത്ത് പരിശോധന നടത്തുകയായിരുന്നു സുരക്ഷാ സേന. ഇതിനിടെ ഐഇഡിയാണ് കണ്ടെത്തിയത്. പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ ബാഗ് കണ്ടെടുക്കുകയായിരുന്നു. ഇത് പരിശോധിച്ചപ്പോഴാണ് ഐഇഡി കിട്ടിയത്.
ഉടനെ ബോംബ് സ്‌ക്വാഡിനെ വിവരം അറിയിച്ചു. തുടർന്ന് സ്‌ക്വാഡ് എത്തി ഐഇഡി നിർവ്വീര്യമാക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഭീകരാക്രമണം ലക്ഷ്യമിട്ടാണ് ഐഇഡിയുള്ള ബാഗ് വഴിയരികിൽ ഉപേക്ഷിച്ചത് എന്നാണ് നിഗമനം. നേരത്തെ കുപ്വാരയിൽ നിന്നും ഐഇഡിയുള്ള ബാഗ് പിടിച്ചെടുത്തിരുന്നു.








