ന്യൂഡൽഹി: രാജ്യത്തിന്റെ വികസനത്തെ ഒരു ശക്തിയ്ക്കും തടയാൻ ആകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് രാജ്യത്ത് അവസരങ്ങൾക്ക് ക്ഷാമമില്ലെന്നും, അവസരങ്ങൾ നൽകാൻ രാജ്യത്തിന് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ മഹാമാരിയ്ക്ക് ശേഷം പുതിയ ഭൂരാഷ്ട്രതന്ത്രം ഉടലെടുത്തു. ഭൂരാഷ്ട്ര തന്ത്രത്തിന്റെ നിർവചനം മാറിക്കൊണ്ടേയിരിക്കുകയാണ്. ഇന്ന് പുതിയ ലോക നയം ചിട്ടപ്പെടുത്താൻ നമ്മുടെ രാജ്യത്തെ 140 കോടി ജനങ്ങൾക്കും പ്രാപ്തിയുണ്ട്. രാജ്യത്തിന്റെ കഴിവും സാദ്ധ്യതകളും ഇന്ന് വിശ്വാസത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഇന്ന് ജി20 ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കാൻ രാജ്യത്തിന് കഴിഞ്ഞു. മുൻവർഷം ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള നിരവധി പരിപാടികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നത്. ഇത് ഓരോ പൗരനും അവന്റെ കഴിവും ശക്തിയും എത്രത്തോളമുണ്ടെന്ന് കാണിച്ചുകൊടുക്കുന്നതാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
നവീകരണം, നിർവഹണം, പരിവർത്തനം എന്നീ ഘടകങ്ങൾ രാജ്യത്തെ മാറ്റിക്കൊണ്ടേയിരിക്കുന്നു. പരമ്പരാഗത തൊഴിൽ ചെയ്യുന്നവരുടെ നൈപുണ്യവികസനത്തിനായി തങ്ങൾ വിശ്വകർമ്മ പദ്ധതി ആവിഷ്‌കരിക്കും. ഇത് വഴി 13,000 മുതൽ 15,000 കോടി രൂപയുടെ സാമ്പത്തിക സഹായം തൊഴിലാളികൾക്ക് നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post