ത്രിവവർണ്ണനിറങ്ങളണിഞ്ഞ് ദുബായിലെ ബുർജ് ഖലിഫയും ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ ആദരവറിയിച്ചു. ഇന്ത്യ 77-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലായിരുന്നു ബുർജ് ഖലീഫ രാജ്യത്തെ ആദരിക്കുന്നതിനായി ഇന്ത്യൻ പതാകയുടെ ത്രിവർണ്ണങ്ങളിൽ നിറങ്ങളിൽ പ്രകാശിച്ചു നിന്നത് . ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന നിലയിൽ അറിയപ്പെടുന്ന അംബരചുംബിയായ ബുർജ് ഖലിഫ പലപ്പോഴും ഇരു രാജ്യങ്ങളുടെയും നിർണ്ണായക ദിവസങ്ങളിൽ ഇത്തരത്തിൽ സൗഹൃദം പ്രകടിപ്പിക്കാറുണ്ട്.
ഇന്ത്യൻ ദേശീയ ഗാനമായ ‘ജന ഗണ മന’ യുടെ പശ്ചാത്തലത്തോടുകൂടിയാണ് സ്വാതന്ത്ര്യദിനത്തിൽ ബുർജ് ഖലീഫ ഇന്ത്യൻ പതാക പ്രദർശിപ്പിച്ചത്. ലൈറ്റുകൾ ത്രിവർണ്ണങ്ങളിൽ മിന്നിമായുമ്പോൾ മഹാത്മാഗാന്ധിയുടെ ചിത്രവും ഒരു ടെക്സ്റ്റ് സ്ക്രോളും പ്രദർശനത്തിലൂടെ കടന്നുപോകുന്നുണ്ടായിരുന്നു.
“ഭാരതമാതാവിന് 77-ാം സ്വാതന്ത്ര്യദിനാശംസകൾ. ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദം നീണാൾ വാഴട്ടെ. ഹര് ഘര് തിരംഗ. ജയ് ഹിന്ദ്.” എന്നായിരുന്നു ആ വാക്കുകൾ.ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ത്യക്ക് സ്വാതന്ത്ര്യദിന ആശംസകളും നേർന്നു.












