ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ‘രാജ്ഞിക്ക്’ നിയമം ബാധകമല്ലെന്ന നിലപാട് ഇന്ത്യ ഒരുകാലത്തും അംഗീകരിച്ചിരുന്നില്ലെന്ന് സോണിയയെ പരോക്ഷമായി വിമര്‍ശിച്ച് ജെയ്റ്റ്‌ലി ഫേസ് ബുക്കില്‍ എഴുതി.
നാഷണല്‍ ഹെറാള്‍ഡ് കേസ് കോടതിയിലാണ് തര്‍ക്കിക്കേണ്ടത്. പാര്‍ലമെന്റ് തടസ്സപ്പെടുത്തുകയല്ല വേണ്ടത്. കോടതിയില്‍ സമന്‍സിനെ ചോദ്യംചെയ്യാത്തതെന്താണ്? നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരാണ്. നിയമത്തിനുമുകളില്‍ ആരുമില്ല. രാജ്ഞി നിയമത്തിനതീതയാണെന്ന നയം ഇന്ത്യ അംഗീകരിച്ചിട്ടില്ല-അദ്ദേഹം പറയുന്നു.
ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ നികുതിയില്‍നിന്നൊഴിവാക്കിയ വരുമാനം റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് കൈമാറുന്നതിനു നടത്തിയ ഇടപാടുകളുടെ ചക്രവ്യൂഹമാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്. ഈവിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തിട്ടില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസുമയച്ചിട്ടില്ല. ആദായനികുതി അധികൃതര്‍ അവരുടെതായ നടപടി സ്വീകരിക്കുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
കേസ് രാഷ്ട്രീയപകപോക്കലിന്റെ ഭാഗമാണെന്ന് പറഞ്ഞ സോണിയ താന്‍ ഇന്ദിരാഗാന്ധിയുടെ മരുമകളാണെന്നും ആരെയും പേടിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞിരുന്നു.
Discussion about this post