കൊൽക്കത്ത : ഇന്ത്യൻ നാവികസേനയ്‌ക്കായി ആത്മനിർഭർ ഭാരതിലൂടെ നിർമ്മിച്ച അതിനൂതന യുദ്ധക്കപ്പലായ ‘വിന്ധ്യഗിരി’യുടെ രാഷ്ട്രപതി ദ്രൗപതി മുർമു നിർവഹിച്ചു. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്‌യാർഡ്‌സിൽ ആണ് ഈ യുദ്ധക്കപ്പൽ നിർമ്മിച്ചത്. നാവികസേനയ്‌ക്കായി ‘പ്രോജക്റ്റ് 17 ആൽഫ’ പ്രകാരം നിർമ്മിക്കുന്ന ഏഴ് കപ്പലുകളിൽ ആറാമത്തെ കപ്പലാണിത്. ചടങ്ങിൽ പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ്, മുഖ്യമന്ത്രി മമത ബാനർജി എന്നിവരും പങ്കെടുത്തു.
കപ്പൽ നിർമ്മാണത്തിലെ ഇന്ത്യയുടെ സ്വാശ്രയത്വത്തിന്റെ പ്രതീകമാണ് വിന്ധ്യഗിരിയെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു അഭിപ്രായപ്പെട്ടു. ഈ നൂതന യുദ്ധക്കപ്പലിന്റെ നിർമ്മാണം ആത്മനിർഭർ ഭാരതിന്റെയും രാജ്യം കൈവരിച്ച സാങ്കേതിക പുരോഗതിയുടെയും പ്രതീകമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ഹൂഗ്ലി നദീതീരത്തെ ഡോക്കിലാണ് യുദ്ധകപ്പലിന്റെ വിക്ഷേപണം നടന്നത്.
വിന്ധ്യഗിരി അടക്കമുള്ള P17A കപ്പലുകൾ ഗൈഡഡ് മിസൈൽ യുദ്ധക്കപ്പലുകളാണ്. ഓരോന്നിനും 149 മീറ്റർ വീതം നീളമാണുള്ളത്. ഇന്ത്യൻ നാവികസേനയുടെ വാർഷിപ്പ് ഡിസൈൻ ബ്യൂറോയാണ് പ്രൊജക്റ്റ് 17 എ കപ്പലുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആത്മനിർഭർ ഭാരത് പദ്ധതിയിലൂടെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് വിതരണം ചെയ്ത ഡിഎംആർ 249 എ-ഗ്രേഡ് എച്ച്ആർ ഷീറ്റുകളും പ്ലേറ്റുകളുമാണ് ഈ നൂതന യുദ്ധക്കപ്പൽ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുള്ളത്.








