ബീജിംഗ് : പാകിസ്താനിൽ ചൈനീസ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണം ചൈന- പാകിസ്താൻ സാമ്പത്തിക ഇടനാഴിക്ക് കനത്ത തിരിച്ചടിയാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഞായറാഴ്ചയാണ് തെക്കുപടിഞ്ഞാറൻ പാകിസ്താനിലെ സുപ്രധാന തുറമുഖമായ ഗ്വാദറിന് സമീപം ചൈനീസ് വാഹനവ്യൂഹത്തിന് നേരെ ആക്രമണം ഉണ്ടായത്.
ചൈനീസ് നിക്ഷേപകർക്ക് ഈ സംഭവം ഭയത്തിന്റെയും അനിശ്ചിതത്വത്തിന്റെയും അവസ്ഥ സൃഷ്ടിച്ചെന്ന്
ദി ഡിപ്ലോമാറ്റ് റിപ്പോർട്ട് ചെയ്തു. ചൈനയുടെ സിൻജിയാങ് പ്രവിശ്യയെ ബലൂചിസ്ഥാനിലെ അറബിക്കടലുമായി ബന്ധിപ്പിക്കുന്ന ഒരു റോഡ്, റെയിൽ ശൃംഖലയുടെ നിർമ്മാണമാണ് ചൈന ഈ മേഖലയിൽ വിഭാവനം ചെയ്യുന്നത്. എന്നാൽ പാകിസ്താനിൽ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര നിക്ഷേപകർക്ക് സുരക്ഷയും സ്ഥിരതയും സംബന്ധിച്ച് കാര്യമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്.
ചൈനീസ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ആക്രമണം ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിക്ക് വലിയ തിരിച്ചടിയാണെന്ന് പാകിസ്താൻ മുൻ ആസൂത്രണ, വികസന, പരിഷ്‌കരണ മന്ത്രി അഹ്‌സൻ ഇഖ്ബാൽ പറഞ്ഞു.
നിക്ഷേപത്തിന് അനുയോജ്യമല്ലാത്ത ഭീതിയുടെയും അനിശ്ചിതത്വത്തിന്റെയും അന്തരീക്ഷമാണ് അവർ സൃഷ്ടിച്ചിരിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post