മലപ്പുറം : ഭിന്നശേഷിക്കാരിയായ 16കാരി മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കല്‍ കോളേജിനെതിരെ ആരോപണവുമായി കുടുംബം. മതിയായ ചികിത്സ ലഭിക്കാത്തതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ന്യൂമോണിയ മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയായായ കുട്ടിക്ക് വെന്‍റിലേറ്റര്‍ സഹായം കിട്ടിയില്ലെന്നാണ് കുടുംബം പരാതിപ്പെടുന്നത്.
മലപ്പുറം പുളിക്കൽ സ്വദേശിയായ
പതിനാറുകാരി അശ്വത ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്നതിനിടയിൽ മരിച്ചത്. പനി ബാധിച്ച് കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന പെൺകുട്ടിയെ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നത്. ഗുരുതരാവസ്ഥയിലായ കുട്ടിക്ക് മെഡിക്കല്‍ കോളേജില്‍ നിന്ന് വെന്‍റിലേറ്റര്‍ നൽകിയില്ലെന്ന് കുടുംബം പരാതിപ്പെടുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ വൈകാതെ തന്നെ മരണം സംഭവിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന കുട്ടിയുടെ പിതാവ് വാഹനം പോലും വിറ്റാണ് കുട്ടിയുടെ ചികിത്സ നടത്തിയത്.
Discussion about this post