ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിൽ റൺസ് പിന്തുടരുന്നതിനിടെ രവീന്ദ്ര ജഡേജയുടെ സമീപനത്തെ മുൻ ഇന്ത്യൻ ഹെഡ് കോച്ച് ഗ്രെഗ് ചാപ്പൽ വിമർശിച്ചു. 181 പന്തിൽ നിന്ന് 61 റൺസ് നേടി ജഡേജ പുറത്താകാതെ നിന്നെങ്കിലും, 193 റൺസ് എന്ന വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ഇന്ത്യ 170 റൺസിന് പുറത്തായി.
വാഷിംഗ്ടൺ സുന്ദറിന്റെയും നിതീഷ് കുമാർ റെഡ്ഡിയുടെയും പുറത്താകലോടെ ഇന്ത്യ യഥാക്രമം 82-7 ഉം 112-8 ഉം എന്ന നിലയിൽ തകർന്നു. ലോവർ ഓർഡർ മാത്രമുള്ളപ്പോൾ ജഡേജ മികച്ച രീതിയിൽ പുറത്തായി വിക്കറ്റ് കളയാതെ ബുംറയും സിറാജുമൊത്ത് കൂട്ടുകെട്ട് ചേർത്തു. ലഞ്ചിന് ശേഷം ബുംറ – ജഡേജ കൂട്ടുകെട്ട് വളരെ ശ്രദ്ധിച്ച് മുന്നേറിയതോടെ ഇന്ത്യൻ പ്രതീക്ഷകളും വർദ്ധിച്ചതാണ്. എന്നാൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ബുംറ മടങ്ങിയത് ഇന്ത്യക്ക് പണിയായി. ശേഷം സിറാജും ശ്രമിച്ചെങ്കിലും നിർഭാഗ്യം അയാളെയും ചതിച്ചു.
ഗ്രെഗ് ചാപ്പൽ പറയുന്നത് പ്രകാരം ജഡേജ ഓവർ പ്രതിരോധത്തിലാണ് കളിച്ചത് എന്നും റിസ്‌ക്കുകൾ എടുത്തില്ല എന്നുമാണ്:
“സത്യം പറഞ്ഞാൽ, ജഡേജ മാത്രമാണ് ബാക്കിയുള്ള ഏക അംഗീകൃത ബാറ്റർ. ഇന്ത്യ ലക്ഷ്യം പിന്തുടരണമെങ്കിൽ, അദ്ദേഹം റിസ്‌കുകൾ എടുക്കണമായിരുന്നു. ഓവർ പ്രാതിരോധത്തിലാണ് അവൻ കളിച്ചത്. ജയിക്കാനായിരുന്നു ശ്രമിക്കേണ്ടത്. ആ വ്യക്തത ഡ്രസ്സിംഗ് റൂമിൽ നിന്ന്, ക്യാപ്റ്റനിൽ നിന്ന് വരേണ്ടതായിരുന്നു. അദ്ദേഹത്തോട് നേരിട്ട് പറയേണ്ടതായിരുന്നു: “ഇത് പൂർത്തിയാക്കേണ്ടത് നിങ്ങളാണ്. വാലറ്റക്കാരുടെ ജോലി നിങ്ങളോടൊപ്പം നിൽക്കുക എന്നതാണ്, പക്ഷേ നിങ്ങൾ വിജയത്തിനായി പോകണം,”
ജഡേജ കളിച്ച ഇന്നിങ്സ് മോശമായിരുന്നില്ല എന്നും നന്നായി പ്രതിരോധിച്ചു എന്നും പറഞ്ഞ ചാപ്പൽ വിചാരിച്ചു എങ്കിൽ ജഡേജക്ക് ജയിപ്പിക്കാവുന്ന മത്സരമായിരുന്നു ഇതെന്ന് പറയുകയും ചെയ്‌തു. അതേസമയം പരമ്പരയിൽ നല്ല ഫോമിൽ കളിക്കുന്ന ജഡേജ തന്റെ തുടർച്ചയായ നാലാം അർദ്ധ സെഞ്ചുറിയാണ് നേടിയത്.
Discussion about this post