ശ്രീനഗര്‍: ഇന്ത്യന്‍ മുസ്ലിങ്ങള്‍ ഹൈന്ദവതയില്‍ നിന്ന് മതപരിവര്‍ത്തനം നടത്തിയവരെന്ന ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ഹിന്ദു സംഘടനകള്‍. വിശ്വ ഹിന്ദു പരിഷത്തും ബജ്‌റംഗദളുമാണ് പ്രസ്താവനയെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്.
ആസാദിന്റെ പ്രസ്താവന അനുകൂല സൂചനയാണെന്നും ഹിന്ദുത്വ സംഘടനകളുടെ നിലപാടിന് അനുസൃതമാണെന്നും ബജ്‌റംഗ്ദള്‍ ദേശീയ കണ്‍വീനര്‍ നീരജ് ദൗനേരിയ പറഞ്ഞു. “ഗുലാം നബി ആസാദിന്റെ പ്രസ്താവന അനുകൂലമായ സൂചനയാണ്. വളരെക്കാലമായി ബജ്റംഗ്ദള്‍ പോലും രാജ്യത്തെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്തവരാണെന്നാണ് പറയുന്നത്”, ദൗനേരിയ പറഞ്ഞു.
ഹിന്ദുമതം ഇസ്ലാമിനേക്കാള്‍ പഴക്കമുള്ളതാണെന്നും കശ്മീരി മുസ്ലീങ്ങള്‍ ഹിന്ദുക്കളാണെന്നുമുള്ള ഗുലാം നബി ആസാദിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്ന് വിഎച്ച്പി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി വിനായകറാവു ദേശ്പാണ്ഡെ പറഞ്ഞു.
ഭൂരിഭാഗം ഇന്ത്യന്‍ മുസ്ലിംങ്ങളും ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്തവരാണെന്നും അതിന്റെ ഉദാഹരണം കശ്മീര്‍ താഴ്വരയില്‍ കാണാമെന്നുമാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ് വ്യാഴാഴ്ച പറഞ്ഞത്. ഇസ്ലാം നിലവില്‍ വന്നത് വെറും 1500 വര്‍ഷം മുമ്പാണ്. ഹിന്ദു മതം വളരെ പഴക്കമുള്ളതാണ്. മുംസ്ലീങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക പാലായനം ചെയതവരാണ്. ചിലര്‍ മുഗള്‍ സൈന്യത്തില്‍ ഉണ്ടായിരുന്നു. മറ്റെല്ലാ മുസ്ലീങ്ങളും ഇന്ത്യയിലെ ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ്. ഇതിന് ഉദാഹരണമാണ് കശ്മീരില്‍ കാണുന്നത്. 600 വര്‍ഷം മുന്‍പേ കശ്മീരില്‍ ഉണ്ടായിരുന്നവരില്‍ ഭൂരിഭാഗവും പണ്ഡിറ്റുകളായിരുന്നു എന്നാല്‍ പിന്നീട് ഇവര്‍ മതപരിവര്‍ത്തനം നടത്തിയാണ് ഇന്ന് കാണുന്ന കശ്മീര്‍ മുസ്ലിങ്ങളായത് എന്നായിരുന്ന ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി (ഡിപിഎപി) മേധാവി ഗുലാം നബി ആസാദിന്റെ പ്രസ്താവന.
അതേസമയം, ഇന്ത്യയിലെ ഇസ്ലാമിന്റെ ആരംഭത്തെക്കുറിച്ച് ആസാദ് നല്‍കിയ ടൈംലൈന്‍ സത്യമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കവിന്ദര്‍ ഗുപ്ത പറഞ്ഞു. മറ്റ് മതങ്ങള്‍ ഇന്ത്യയിലേക്ക് കടന്നുകയറുന്നതിനും കാലങ്ങള്‍ക്ക് മുന്‍പേ ഹിന്ദുത്വം ഇവിടെ ആചരിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ആസാദിന്റെ പരാമര്‍ശത്തെ പരിഹസിച്ച് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) പ്രസിഡന്റ് മെഹബൂബ മുഫ്തി രംഗത്ത് വന്നിട്ടുണ്ട്. ”അദ്ദേഹം എത്ര ദൂരം പിന്നോട്ട് പോയി. അദ്ദേഹത്തിന് തന്റെ പൂര്‍വ്വികരെക്കുറിച്ച് എന്ത് അറിവുണ്ടെന്നും എനിക്കറിയില്ല. പക്ഷെ തിരിഞ്ഞ് നോക്കിയാല്‍ അദ്ദേഹത്തിന് ഒരുപക്ഷേ തന്റെ പൂര്‍വ്വികരില്‍ ചില കുരങ്ങുകളെ കണ്ടെത്തിയേക്കാം’, മുഫ്തി പരിഹസിച്ചു.
Discussion about this post