ഒരുകാലത്ത് കമ്പ്യൂട്ടറും മെയിലും ഇന്റർനെറ്റും എല്ലാം സാധാരണക്കാർക്ക് അത്ഭുതങ്ങളായിരുന്നു. അന്നൊക്കെ സിഡി- ഡിവിഡി റൈറ്റിംഗിനായി പ്രത്യേകം കടകൾ പോലുമുണ്ടായിരുന്നു. വിവര സാകേതിക രംഗം ദ്രുതഗതിയിൽ വളർച്ച പ്രാപിച്ചതോടെ എല്ലാവരും ഇതെല്ലാം മനസ്സിലാക്കുകയും പ്രാവീണ്യം നേടുകയും ചെയ്തു. അറിവില്ലാത്തവരെ കമ്പ്യൂട്ടറിന്റെ സാങ്കേതിക പദങ്ങൾ പറഞ്ഞ് പറ്റിക്കുന്ന തട്ടിപ്പുകാർക്ക് ഇതോടെ കാലമില്ലാതായി. എന്നാൽ സൈബർ യുഗത്തിൽ ഓൺലൈൻ തട്ടിപ്പുകളാണ് വ്യാപകമായത്. അക്കൗണ്ടിൽ നിന്ന് പണം പോകുന്ന രീതിയിലുള്ള തട്ടിപ്പുകളാണ് ഇപ്പോൾ വ്യാപകം.
എന്നാൽ ഈ കാലഘട്ടത്തിൽ ഓൾഡ് മോഡൽ തട്ടിപ്പുകാർക്ക് ഇരകളെ കിട്ടുന്നുണ്ടെന്നതും പറയാതിരിക്കാനാകില്ല. ലോഗരിതം ടേബിളിന്റെ കാലൊടിഞ്ഞത് ശരിയാക്കാൻ കാശ് കൊടുക്കണമെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് കാശ് വാങ്ങി പുട്ടടിച്ച വിരുതന്മാരുടെ ന്യൂ ജൻ ടീമുകൾക്ക് ഇരകളെ കിട്ടാൻ ഇന്നത്തെ കാലത്തും ഒരു പാടുമില്ല. ഔട്ട്ലുക്കിൽ മെയിൽ കിട്ടുന്നില്ലേ വഴിയുണ്ട് എന്നൊക്കെ പറഞ്ഞ് അറിവില്ലാത്തവരെ സമീപിക്കുന്ന തട്ടിപ്പുകാർക്ക് ഇന്നും ഇരകളെ കിട്ടുന്നുണ്ട്.
ഔട്ട്ലുക്കിൽ മെയിൽ കിട്ടുന്നില്ലെങ്കിൽ ചെയ്യേണ്ടത് വളരെ എളുപ്പമുള്ള കാര്യങ്ങളാണ്. അത് മൈക്രോസോഫ്റ്റ് തന്നെ വിശദീകരിച്ചിട്ടുണ്ട്. ആദ്യം തന്നെ നമ്മുടെ അക്കൗണ്ടിന്റെ മൈക്രോസോഫ്റ്റ് ക്ലൗഡ് സ്റ്റോറേജ് നിറഞ്ഞോ എന്ന് പരിശോധിക്കുക. മെയിൽ ബോക്സ് ഫുൾ ആണോ എന്നും നോക്കുക. ഇതൊന്നും ഇല്ലെങ്കിൽ അക്കൗണ്ട് അപ്ഡേറ്റ് ചെയ്ത് പാസ്‌വേഡ് മാറ്റുക. സൈൻ ഇൻ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ മൈക്രോസോഫ്റ്റ് അക്കൗണ്ട് സൈൻ ഇൻ ഹെൽപ്പർ ഉപയോഗിക്കുക. നിങ്ങൾ അയക്കുന്ന മെസ്സേജിൽ 25 എം.ബിയിൽ കൂടുതൽ സൈസുള്ള അറ്റാച്ച്മെന്റ് ഉണ്ടെങ്കിലും മെയിൽ അയക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കുക.
ജങ്ക് മെയിൽ ഫോൾഡർ പരിശോധിച്ച് അവിടെ മെയിലുകൾ വന്നിട്ടുണ്ടോ എന്നും പരിശോധിക്കുക. നിങ്ങൾക്ക് വരുന്ന മെയിലുകൾ ചിലപ്പോൾ ഈ ഫോൾഡറിൽ പോയേക്കാം. ഇതൊന്നുമല്ല പ്രശ്നമെന്ന് തോന്നുന്നുണ്ടെങ്കിൽ മൈക്രോസോഫ്റ്റിന്റെ ട്രബിൾ ഷൂട്ടർ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പരിശോധിക്കുക.
90 ശതമാനം പ്രശ്നങ്ങളും ഇതോടെ പരിഹരിക്കപ്പെടും. ഇനിയും പരിഹരിക്കാത്ത പ്രശ്നങ്ങൾക്ക് ഏതെങ്കിലും ഐടി പ്രൊഫഷണലിന്റെ സഹായം തേടുക. സ്ഥിരമായി ഔട്ട്ലുക്ക് നോക്കാൻ വാർഷിക മെയിന്റനൻസ് കോൺട്രാക്റ്റ് ഒന്നും ആർക്കും കൊടുത്ത് ലക്ഷങ്ങൾ നഷ്ടപ്പെടുത്തേണ്ട ഒരു ആവശ്യവുമില്ല.
Discussion about this post