ലക്‌നൗ : അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുമെന്ന് യുപിയുടെ പുതിയ കോൺഗ്രസ് അധ്യക്ഷൻ അജയ് റായി പ്രസ്താവിച്ചു. ഉത്തർപ്രദേശിൽ പാർട്ടി അധ്യക്ഷനാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു അജയ് റായിയുടെ ഈ പ്രസ്താവന. പ്രിയങ്ക ഗാന്ധി ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രിയങ്കയ്ക്ക് അവർ ആഗ്രഹിക്കുന്നിടത്ത് മത്സരിക്കാം എന്നാണ് ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കിയത്.
2014ലും 2019ലും വാരാണസിയിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട കോൺഗ്രസ് നേതാവാണ് അജയ് റായി. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്ക് പ്രധാനമന്ത്രി മോദിക്കെതിരെ വാരാണസിയിൽ മത്സരിക്കണമെങ്കിൽ അതും ആകാമെന്നും അജയ് റായി അറിയിച്ചു. അങ്ങിനെ ഉണ്ടായാൽ അവരുടെ വിജയം ഉറപ്പാക്കാൻ എല്ലാ പ്രവർത്തകരും ഒന്നിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി തുടങ്ങിയ പ്രമുഖർ എംപിമാരായിരുന്ന ഗാന്ധി കുടുംബത്തിന്റെ കോട്ടയായ അമേഠിയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 2019 ൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയിരുന്നു. പ്രിയങ്ക ഗാന്ധിയെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരിഗണിക്കണമെന്ന ആവശ്യവുമായി ഭർത്താവ് റോബർട്ട് വദ്രയും നേരത്തെ രംഗത്തെത്തിയിരുന്നു.








