മോസ്‌കോ: റഷ്യയുടെ ചാന്ദ്രദൗത്യം പ്രതിസന്ധിയിൽ. ലൂണ 25 പേടകത്തിന് സാങ്കേതിക തകരാർ നേരിട്ടതാണ് പ്രതിസന്ധിക്ക് കാരണം. തിങ്കളാഴ്ച പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനിരിക്കെയാണ് തകരാർ നേരിട്ടത്.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസും ഇക്കാര്യം സ്ഥിരീകരിച്ചു. ചാന്ദ്രോപരിതലത്തിൽ ലാൻഡിംഗിന് മുന്നോടിയായി ഭ്രമണപഥം മാറ്റുന്നതിനുളള ശ്രമത്തിനിടെയാണ് തകരാർ നേരിട്ടത്. സ്വയം നിയന്ത്രിത പേടകത്തിൽ അസാധാരണ സാഹചര്യം ഉണ്ടാകുകയായിരുന്നുവെന്ന് റോസ്‌കോസ്‌മോസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. വിദഗ്ധർ സ്ഥിതി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ഏജൻസി വ്യക്തമാക്കി.
ലൂണ 25 ന്റെ ആദ്യഫലങ്ങൾ ലഭ്യമായിത്തുടങ്ങിയെന്നും അത് പരിശോധിച്ചുവരികയാണെന്നും
റോസ്‌കോസ്‌മോസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പേടകത്തിൽ നിന്ന് പകർത്തിയ ചിത്രങ്ങളും ഏജൻസി പുറത്തുവിട്ടിരുന്നു. എന്നാൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തതോടെ ദൗത്യത്തിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
അര നൂറ്റാണ്ടിനിടെ റഷ്യ നടത്തുന്ന ആദ്യ ചാന്ദ്ര ദൗത്യമാണിത്. ഒരാഴ്ച മുൻപാണ് പേടകം വിക്ഷേപിച്ചത്. അഞ്ച് ദിവസം കൊണ്ട് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയിരുന്നു. 1976 ൽ പഴയ സോവിയറ്റ് യൂണിയനായിരുന്നപ്പോഴാണ് റഷ്യ ഇതിന് മുൻപ് ചാന്ദ്രദൗത്യം നടത്തിയത്.












