ന്യൂഡൽഹി : ഇന്ത്യയുടെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ജർമ്മനി. പുതിയ ഇന്ത്യയുടെ വിജയഗാഥയ്ക്ക് കാരണം ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ആണെന്ന് പ്രശംസിച്ചുകൊണ്ട് ജർമൻ എംബസി പങ്കുവെച്ച ട്വീറ്റ് ഇപ്പോൾ ഏറെ ശ്രദ്ധേ നേടുകയാണ്. ഇന്ത്യയിലെ യുപിഐ പേയ്മെന്റ് അനുഭവങ്ങളിൽ ആകൃഷ്ടനായ ജർമൻ മന്ത്രിയുടെ വാക്കുകളാണ് ഈ പ്രശംസയ്ക്ക് കാരണമായത്.
ജർമ്മനിയുടെ ഫെഡറൽ ഡിജിറ്റൽ ആൻഡ് ട്രാൻസ്പോർട്ട് മന്ത്രി വോൾക്കർ വിസ്സിംഗിന്റെ ഇന്ത്യ സന്ദർശനത്തിലാണ് ഇന്ത്യയുടെ പുതിയ ഡിജിറ്റൽ പേയ്മെന്റ് അനുഭവങ്ങളിൽ അദ്ദേഹം ആകൃഷ്ടനായത്. ഇന്ത്യാ സന്ദർശനത്തിനിടയിൽ വോൾക്കർ വിസ്സിംഗ് ചില തെരുവോര പച്ചക്കറി കടകളിലും മറ്റും യുപിഐ പേയ്മെന്റ് ചെയ്യുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് ജർമൻ എംബസിയുടെ ട്വീറ്റ്. ഓഗസ്റ്റ് 19ന് ബംഗളൂരുവിൽ നടന്ന ജി20 ഉച്ചകോടിയിലെ ഡിജിറ്റൽ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ആണ് വോൾക്കർ വിസ്സിംഗ് ഇന്ത്യയിൽ എത്തിയിരുന്നത്.
ജി20 യിലെ ഡിജിറ്റൽ മന്ത്രിമാരുടെ യോഗത്തിന് ശേഷമാണ് ജർമൻ മന്ത്രി ഇന്ത്യയിൽ തെരുവോര കടകളിലും മറ്റും യുപിഐ പേയ്മെന്റ് വഴി എളുപ്പത്തിൽ പണം അടയ്ക്കാൻ കഴിയുന്നതിനെ പ്രശംസിച്ച് രംഗത്തെത്തിയത്. “പുതിയ ഇന്ത്യയിൽ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഡിജിറ്റൽ പേയ്മെന്റ് ഉപയോഗിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ പണമിടപാടുകൾ നടത്താൻ ഇത് എല്ലാവരെയും പ്രാപ്തരാക്കുന്നു. എനിക്ക് ഇന്ത്യയിലെ യുപിഐ പേയ്മെന്റുകളുടെ ലാളിത്യം നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞു. അത് ശരിക്കും ആകർഷണീയമായിരുന്നു.” എന്നാണ് വോൾക്കർ വിസ്സിംഗ് ഇന്ത്യയിലെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെ പ്രശംസിച്ചത്.








