കൊച്ചി: ആരോപണങ്ങൾ ഉയർന്നിട്ടും വാ തുറക്കാത്ത മുഖ്യമന്ത്രിക്കാണോ, ആരോപണം ഉയർന്നപ്പോൾ ഏതു രേഖകൾ വേണമെങ്കിലും പരിശോധിക്കാമെന്ന് വെല്ലുവിളിച്ച മാത്യു കുഴൽനാടനാണോ ആണത്തമുള്ളതെന്ന് കെ പി സി സി പ്രസിഡൻറ് കെ സുധാകരൻ. കോൺഗ്രസ് നേതാക്കൾ പണം വാങ്ങിയിട്ടുണ്ടെന്ന് കെ.സുധാകരൻ. സിപിഎമ്മുകാരെപ്പോലെ പണം വാങ്ങിയിട്ടില്ല എന്ന് പറഞ്ഞിട്ടില്ല. പാർട്ടി നടത്തിക്കൊണ്ടുപോകാൻ പണം വേണം. സുധീരന്റെ നിലപാടിനോട് യോജിപ്പില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ‘പാർട്ടി ഫണ്ടിലേക്കു കാശു വാങ്ങിയതാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞിട്ടുണ്ട്. പാർട്ടി എല്ലാവരോടും പാർട്ടി ഫണ്ടിലേക്ക് കാശു വാങ്ങുന്നുണ്ട്. കാശു വാങ്ങാതെ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന് പ്രവർത്തിക്കാനാകുമോ? കാശു വാങ്ങുന്നതിനെക്കുറിച്ച് വി.എം.സുധീരൻ പറഞ്ഞത് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. പാർട്ടി നടക്കണമെങ്കിൽ പാർട്ടിക്കു ഫണ്ടു വേണം. ഫണ്ട് ഉണ്ടെങ്കിൽ മാത്രമേ പാർട്ടി മുന്നോട്ടു പോകൂ.’ എന്നായിരുന്നു സുധാകരന്റെ പരാമർശം.
മുഖ്യമന്ത്രിയുടെ രീതിയല്ല മാത്യു കുഴൽനാടന്റേത്. എത്ര അന്തസോടും തന്റേടത്തോടും കൂടിയാണ് അദ്ദേഹം സിപിഎമ്മുകാരെ വെല്ലുവിളിച്ചത് എന്നും സുധാകരൻ ചോദിച്ചു. അവരുടെ ഏത് നേതാക്കൾക്കും വന്ന് രേഖ പരിശോധിക്കാമെന്ന് പറഞ്ഞ നേതാവാണ് മാത്യു കുഴൽനാടൻ. അദ്ദേഹം നടത്തിയ പ്രസ്താവനകൾ കേൾക്കുന്നവർക്ക് അതിലെ സുതാര്യത തിരിച്ചറിയാം. പിണറായി വിജയന്റെ മകൾക്കെതിരായ ആരോപണത്തിൽ അതേ രീതിയിൽ വെല്ലുവിളിക്കാനുള്ള നട്ടെല്ല് സിപിഎമ്മിനുണ്ടോ എന്തുകൊണ്ടാണ് സിപിഎം ആ ആരോപണം ഏറ്റെടുക്കാത്തത് എന്നും സുധാകരൻ ചോദിച്ചു.
എന്തും പറയാനുള്ള നാണം കെട്ട ഒരു സംസ്‌കാരത്തിന്റെ പ്രതീകമായി സിപിഎം നേതാക്കന്മാർ മാറുകയാണ്. എന്ത് വൃത്തികേടും പറയാം എന്ന സാഹചര്യമാണുള്ളതെന്നും സുധാകരൻ പറഞ്ഞു.
Discussion about this post