തിരുവനന്തപുരം : അയൽവാസിയുടെ വീടിന്റെ ജനൽ കമ്പി മുറിച്ച് അകത്ത് കടന്ന് മോഷണം നടത്തിയ ആൾ അറസ്റ്റിൽ. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. 15 പവന്റെ ആഭരണങ്ങളാണ് പ്രതി അയൽ വീട്ടിൽ നിന്നും മോഷ്ടിച്ചത്. പള്ളിപ്പുറം പുതുവൽ ലൈനിലെ മുഹമ്മദ് ഹസന്റെ വീട്ടിലാണ് കവർച്ച നടന്നത്. അയൽവാസിയായ ഹുസൈൻ ആണ് അറസ്റ്റിലായിരിക്കുന്നത്.
പ്രവാസിയായ മുഹമ്മദ് ഹസന്റെ കുടുംബം വീട്ടിൽ നിന്നും പുറത്തു പോയിരുന്ന സമയത്താണ് മോഷണം നടക്കുന്നത്. തിരിച്ചുവന്നപ്പോൾ അലമാരയിൽ ഉണ്ടായിരുന്ന ആഭരണങ്ങൾ കാണാനില്ലെന്ന് വീട്ടുകാർ മനസ്സിലാക്കി. തുടർന്ന് വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പോലീസ് എത്തി നടത്തിയ വിശദമായ പരിശോധനയിലാണ് വീടിന്റെ പുറകുവശത്തെ ജനൽ കമ്പികൾ മുറിച്ചുമാറ്റിയ ശേഷം ചേർത്തുവച്ചിരിക്കുന്ന നിലയിൽ കണ്ടത്.
തുടർന്ന് ഡോഗ് സ്ക്വാഡ് പരിശോധനയ്ക്കായി സ്ഥലത്തെത്തി. സംഭവസ്ഥലത്തു നിന്നും മണം പിടിച്ച പോലീസ് നായ ഉടൻതന്നെ അയൽവാസിയായ ഹുസൈന്റെ വീട്ടിലേക്ക് ഓടിച്ചെല്ലുകയും പ്രതിയെ കണ്ടെത്തുകയുമായിരുന്നു. കണിയാപുരത്ത് ഒരു വർക്ക്ഷോപ്പിൽ മോഷണം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്ന വ്യക്തിയാണ് ഹുസൈൻ. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പ്രതിയുടെ വീടിനു സമീപത്തെ ചവറുകൂനയിൽ നിന്നും പോലീസ് തൊണ്ടിമുതൽ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post