തിരുവനന്തപുരം: മൂന്നു വർഷം കൊണ്ട് കേരളം ലോകത്തിന് മുമ്പിൽ മുതലാളിത്ത സമൂഹമായി മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം കോവളം ഏരിയ കമ്മിറ്റി പരിധിയിലെ 10 ലോക്കൽ കമ്മിറ്റികളിൽ ഭവനരഹിതരായ 11 കുടുംബങ്ങൾക്കായി നിർമിക്കുന്ന വീടുകളുടെ തറക്കല്ലിടൽ നടത്തിയ ശേഷം നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎം ലോക്കൽ കമ്മറ്റി ഓഫീസുകൾ സേവന കേന്ദ്രങ്ങളായി മാറണം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ആളെ നിയോഗിച്ച് എല്ലാവർക്കും സേവനം ലഭ്യമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ജനം അക്ഷയകേന്ദ്രങ്ങളെ തേടിപ്പോകുന്നതിനു പകരമാകും ഈ സംവിധാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാവപ്പെട്ട മുഴുവൻ മനുഷ്യർക്കും സ്വന്തമായി ഭൂമിയും വീടുമുള്ള ലോകത്തെ ഒരേ ഒരു കേന്ദ്രമാക്കി കേരളത്തെ എൽഡിഎഫ് സർക്കാർ മാറ്റിയെടുക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ലൈഫ് പദ്ധതിപ്രകാരം നാലുലക്ഷം പേർക്ക് ഇതിനകം വീട് നിർമിച്ച് നൽകി. ഇനി ഏകദേശം അഞ്ചുലക്ഷം ആളുകൾക്ക് കൂടി വീടൊരുക്കണം. ഇതുകൂടി യാഥാർഥ്യമായാൽ രാജ്യത്ത് എല്ലാ പാവപ്പെട്ടവർക്കും ഭൂമി ഉറപ്പാക്കിയ ഒരേ ഒരു സംസ്ഥാനമായി കേരളം മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post