കാനഡ: ചന്ദ്രനിലെ 108 ദശലക്ഷം വർഷം പഴക്കമുള്ള ടൈക്കോ ക്രേറ്ററിന്റെ ഒരു ചിത്രം പങ്കിട്ട കനേഡിയൻ ബഹിരാകാശ ഏജൻസിയ്ക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ട്രോളുകൾ നിറയുന്നു. ഒരു?ഛിന്നഗ്രഹമോ ഉൽക്കാശിലയോ പോലെയുള്ള ഒരു വസ്തു ഒരു ഗ്രഹത്തിന്റെയോ ചന്ദ്രനെപ്പോലെയോ ഉള്ള ഒരു വലിയ വസ്തുവിന്റെ ഉപരിതലത്തിൽ ഇടിക്കുമ്പോൾ ഭീമൻ ഗർത്തം രൂപപ്പെടുന്നു! ഇതാ ടൈക്കോ ക്രേറ്റർ, ചന്ദ്രന്റെ തെക്കൻ അർദ്ധഗോളത്തിൽ , ഏകദേശം 108 ദശലക്ഷം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഫോട്ടോയുടെ ഉറവിടം നാസ എന്നാണ് ഒരു ക്രേറ്റിന്റെ (ഭീമൻ ഗർത്തം) ചിത്രം പങ്കുവച്ച് കനേഡിയൻ ബഹിരാകാശ ഏജൻസി കുറിച്ചത്.
എന്നാൽ പങ്കുവച്ച ടൈക്കോ ക്രേറ്ററിന്റെ ചിത്രത്തിൽ റോഡുകളും കെട്ടിടങ്ങളും കാണിച്ചാണ് എക്‌സ് ഉപയോക്താക്കൾ ആദ്യം വിമർശനം ഉന്നയിച്ചത്. ചിലരാവട്ടെ ചന്ദ്രനിലെ കാനഡയുടെ രഹസ്യ കേന്ദ്രം എന്ന് വരെ കമന്റ് ചെയ്തു. ആശയക്കുഴപ്പം ശക്തമായതോടെ ചിത്രം ചന്ദ്രന്റെ ടൈക്കോ ക്രേറ്ററിന്റേതല്ല, മറിച്ച് യുഎസിലെ അരിസോണയിൽ സ്ഥിതി ചെയ്യുന്ന ബാരിംഗർ മെറ്റിയർ ക്രേറ്ററിന്റെതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഇതാണ് ചന്ദ്രനിലെ ഗർത്തമെന്ന് അബദ്ധത്തിൽ പോസ്റ്റ് ചെയ്തത്.
അശ്രദ്ധയോടെ ചെയ്ത കാര്യം വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് കനേഡിയൻ ബഹിരാകാശ ഏജൻസിയെ വിമർശിക്കുന്നത്. നിരവധി ട്രോളുകളും സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നു കഴിഞ്ഞു.
നാസയുടെ അഭിപ്രായത്തിൽ , 85 കിലോമീറ്റർ വ്യാസമുള്ള ടൈക്കോ ക്രേറ്റർ ചന്ദ്രനിലെ ഏറ്റവും പ്രധാനപ്പെട്ട ഗർത്തങ്ങളിൽ ഒന്നാണ്. ഭൂമിയിലെ ബാരിംഗർ ക്രേറ്ററാകട്ടെ കൊളറാഡോ പീഠഭൂമിയിൽ 150 മീറ്റർ ആഴത്തിൽ സ്ഥിതി ചെയ്യുന്ന ഗർത്തമാണ്. ഇവ രണ്ടുമാണ് കനേഡിയൻ ബഹിരാകാശ ഏജൻസിയ്ക്ക് മാറിപോയത്.









Discussion about this post