ഇറാനിലെ മതമൗലികവാദ ഭരണകൂടത്തിനെതിരെ ഉയരുന്ന ജനരോഷം അടിച്ചമർത്താൻ കടുത്ത നടപടികളുമായി ആയത്തൊള്ള ഖമേനിയുടെ സുരക്ഷാ സേന. പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് അറസ്റ്റിലായ 26 കാരനായ ഇർഫാൻ സുൽത്താനിയെ ബുധനാഴ്ച പുലർച്ചെ തൂക്കിലേറ്റാൻ ഉത്തരവിട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ആദ്യമായാണ് ഒരാൾക്ക് വധശിക്ഷ നടപ്പിലാക്കുന്നത്.
ജനുവരി 8-ന് കറാജിലെ ഫർദിസ് ജില്ലയിൽ നിന്നാണ് വസ്ത്ര വ്യാപാര മേഖലയിൽ ജോലി ചെയ്തിരുന്ന ഇർഫാൻ സുൽത്താനിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടുന്നത്. അറസ്റ്റിന് ശേഷം മൂന്ന് ദിവസത്തോളം ഇർഫാൻ എവിടെയാണെന്ന് കുടുംബത്തിന് യാതൊരു അറിവുമുണ്ടായിരുന്നില്ല. ഞായറാഴ്ചയാണ് മകനെ വധശിക്ഷയ്ക്ക് വിധിച്ചതായും അവസാനമായി ഒരിക്കൽ കൂടി കാണാൻ അനുവാദമുണ്ടെന്നും അധികൃതർ കുടുംബത്തെ അറിയിക്കുന്നത്. വെറും പത്ത് മിനിറ്റാണ് അവസാനമായി സംസാരിക്കാൻ അധികൃതർ കുടുംബത്തിന് നൽകിയത്.
“ദൈവത്തിനെതിരായ ശത്രുത” എന്ന കുറ്റമാണ് ഇർഫാനെതിരെ ചുമത്തിയിരിക്കുന്നത്. ഇറാനിലെ നിയമപ്രകാരം വധശിക്ഷ ലഭിക്കാവുന്ന ഏറ്റവും ഗൗരവകരമായ കുറ്റമാണിത്. അറസ്റ്റ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ വധശിക്ഷ നടപ്പിലാക്കുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അഭിഭാഷകനെ കാണാനോ കോടതിയിൽ വാദങ്ങൾ ഉന്നയിക്കാനോ ഇർഫാന് അവസരം നൽകിയില്ലെന്ന് മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ ആരോപിക്കുന്നു.വിവരങ്ങൾ പുറത്തുപറഞ്ഞാൽ മറ്റ് കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്യുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഭീഷണിപ്പെടുത്തിയിരിക്കുകയാണ്.
കഴിഞ്ഞ 20 ദിവസമായി തുടരുന്ന പ്രക്ഷോഭത്തിൽ ഇതുവരെ 2,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം. വിവരങ്ങൾ പുറംലോകം അറിയാതിരിക്കാൻ ഇറാൻ സർക്കാർ ഇന്റർനെറ്റ് പൂർണ്ണമായും വിച്ഛേദിച്ചിരിക്കുകയാണ്. എലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപയോഗിച്ച് വിവരങ്ങൾ അയക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്താൻ കെട്ടിടങ്ങളുടെ മുകളിൽ സൈന്യം പരിശോധന നടത്തുന്നു. സ്റ്റാർലിങ്ക് സിഗ്നലുകൾ തടസ്സപ്പെടുത്താൻ സൈനിക തലത്തിലുള്ള ജാമറുകൾ ഇറാൻ വിന്യസിച്ചിട്ടുണ്ട്.
ഇറാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പ്രക്ഷോഭകരെ തൂക്കിലേറ്റിയാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. “ഇറാനിയൻ രാജ്യസ്‌നേഹികളേ, സമരം തുടരുക, ഉടൻ സഹായം എത്തും” എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം താരിഫ് ഏർപ്പെടുത്തുമെന്നും സൈനിക നടപടി ഉൾപ്പെടെയുള്ള ഓപ്ഷനുകൾ പരിഗണനയിലുണ്ടെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇർഫാൻ സുൽത്താനിയുടെ വധശിക്ഷ മറ്റു പ്രക്ഷോഭകർക്കുള്ള മുന്നറിയിപ്പായിട്ടാണ് ഭരണകൂടം കാണുന്നത്. എന്നാൽ ഭയത്തിന് പകരം കൂടുതൽ രോഷത്തോടെയാണ് ജനങ്ങൾ തെരുവിലിറങ്ങുന്നത്.










Discussion about this post