അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി ആരോഗ്യ സെക്രട്ടറി റോബർട്ട് കെന്നഡി ജൂനിയർ നടത്തിയത്. ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് ട്രംപിന്റെ ‘ഫാസ്റ്റ് ഫുഡ്’ പ്രേമത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.
യാത്ര ചെയ്യുമ്പോൾ പുറത്തെ ഭക്ഷണങ്ങൾ കഴിച്ച് അസുഖം വരുമോ എന്ന പേടിയാണ് ട്രംപിനെ ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത്. മക്ഡൊണാൾഡ്സ് പോലുള്ള ആഗോള ബ്രാൻഡുകളെയാണ് ട്രംപ് വിശ്വസിക്കുന്നത്. അവിടെ ഗുണനിലവാരം ഉറപ്പാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ട്രംപിനൊപ്പം യാത്ര ചെയ്യുന്നവർ കരുതുന്നത് അദ്ദേഹം ദിവസം മുഴുവൻ ശരീരത്തിലേക്ക് വിഷം പമ്പ് ചെയ്യുകയാണെന്നാണ്. അത്രയേറെ ഫാസ്റ്റ് ഫുഡാണ് അദ്ദേഹം കഴിക്കുന്നത്.
ഇത്രയേറെ അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിച്ചിട്ടും ട്രംപ് എങ്ങനെ ജീവിച്ചിരിക്കുന്നു എന്നത് അത്ഭുതമാണെന്ന് കെന്നഡി പറഞ്ഞു. “അദ്ദേഹത്തിന് ഒരു ദൈവത്തിന്റെ ശരീരപ്രകൃതിയാണുള്ളത്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഊർജ്ജസ്വലനായ വ്യക്തിയാണദ്ദേഹം” – കെന്നഡി കൂട്ടിച്ചേർത്തു.
തന്റെ പ്രായത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള ചോദ്യങ്ങളോട് ‘വാൾ സ്ട്രീറ്റ് ജേർണലിന്’ നൽകിയ അഭിമുഖത്തിൽ ട്രംപ് പ്രതികരിച്ചു. മീറ്റിംഗുകളിൽ ഉറങ്ങുന്നു എന്ന വാർത്ത അദ്ദേഹം തള്ളി. താൻ കണ്ണ് ചിമ്മുന്ന നേരം നോക്കി ഫോട്ടോ എടുത്ത് അത് ഉറക്കമായി ചിത്രീകരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രക്തം കട്ടപിടിക്കാതിരിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നതിനേക്കാൾ ഉയർന്ന അളവിൽ (325 മില്ലിഗ്രാം) ആസ്പിരിൻ ദിവസവും കഴിക്കുന്നുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി. ഇത് തന്റെ രക്തം നേർത്തതായിരിക്കാൻ സഹായിക്കുന്നു. ആസ്പിരിൻ കഴിക്കുന്നത് മൂലം കൈകളിൽ പാടുകൾ ഉണ്ടാകാറുണ്ട്. ഇത് മറയ്ക്കാൻ മേക്കപ്പ് ഉപയോഗിക്കാറുണ്ടെന്നും വെറും പത്ത് സെക്കൻഡ് കൊണ്ട് താൻ മേക്കപ്പ് ഇടാറുണ്ടെന്നും ട്രംപ് പറഞ്ഞു.










Discussion about this post