അമേരിക്കയിലെ സർവ്വകലാശാലയിൽ ഉച്ചഭക്ഷണത്തിന് ‘പാലക് പനീർ’ ചൂടാക്കിയതിന്റെ പേരിൽ വിവേചനം നേരിട്ട ഇന്ത്യൻ ഗവേഷക വിദ്യാർത്ഥികൾക്ക് ചരിത്രവിജയം. കൊളറാഡോ ബോൾഡർ സർവ്വകലാശാലയിൽ നടന്ന വംശീയ അധിക്ഷേപത്തിനെതിരെ നിയമപോരാട്ടം നടത്തിയ ആദിത്യ പ്രകാശ്, ഊർമ്മി ഭട്ടാചാര്യ എന്നിവർക്ക് 1.8 കോടി രൂപ (2,00,000 ഡോളർ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഭാരതീയ സംസ്കാരത്തെയും ഭക്ഷണരീതിയെയും അവഹേളിക്കാൻ ശ്രമിച്ച പാശ്ചാത്യർക്ക് ലഭിച്ച കനത്ത പ്രഹരമായാണ് ഈ വിജയം വിലയിരുത്തപ്പെടുന്നത്. ഉച്ചഭക്ഷണത്തിന് പാലക് പനീർ ചൂടാക്കിയപ്പോൾ ‘ദുർഗന്ധം’ വമിക്കുന്നു എന്ന് ആക്ഷേപിച്ചും ഇന്ത്യൻ വിഭവങ്ങൾ കഴിക്കുന്നത് വിലക്കിയും വിവേചനം കാട്ടിയ സർവ്വകലാശാല ഒടുവിൽ ഒത്തുതീർപ്പിന് വഴങ്ങുകയായിരുന്നു.
2023 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡിപ്പാർട്ട്‌മെന്റിലെ മൈക്രോവേവ് അവ്‌നിൽ ആദിത്യ പ്രകാശ് ഭക്ഷണം ചൂടാക്കിയപ്പോൾ, ഇതിന് അസഹനീയമായ ഗന്ധമാണെന്ന് പറഞ്ഞ് ഒരു സ്റ്റാഫ് അംഗം തടഞ്ഞു. “ഇത് വെറും ഭക്ഷണമാണ്, ഞാൻ ചൂടാക്കി ഉടൻ പോകാം” എന്ന ആദിത്യയുടെ മറുപടി അധികൃതരെ പ്രകോപിപ്പിച്ചു.
വിവേചനത്തിനെതിരെ പരാതിപ്പെട്ട ആദിത്യയെ മാനസികമായി പീഡിപ്പിക്കാൻ അധികൃതർ ശ്രമിച്ചു. സ്റ്റാഫ് അംഗങ്ങൾക്ക് ആദിത്യ ‘ഭീഷണി’യാണെന്ന് വരുത്തിതീർക്കാൻ മുതിർന്ന ഫാക്കൽറ്റികൾ ശ്രമിച്ചു. ആദിത്യയുടെ പങ്കാളിയായ ഊർമ്മിയെ വിശദീകരണമില്ലാതെ ടീച്ചിംഗ് അസിസ്റ്റന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കി. തുടർദിവസങ്ങളിലും ഇന്ത്യൻ ഭക്ഷണം കഴിച്ചതിന് ‘കലാപത്തിന് ആഹ്വാനം ചെയ്തു’ എന്ന വിചിത്രമായ ആരോപണമാണ് ഇവർക്ക് നേരെ ഉയർന്നത്.
നിയമപോരാട്ടവും വിജയവും രണ്ട് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ 2025 സെപ്റ്റംബറിൽ സർവ്വകലാശാല ഒത്തുതീർപ്പിന് തയ്യാറായി. നഷ്ടപരിഹാരത്തിന് പുറമെ ഇരുവർക്കും മാസ്റ്റേഴ്സ് ബിരുദവും നൽകി. എന്നാൽ ഭാവിയിൽ സർവ്വകലാശാലയിൽ പഠിക്കുന്നതിനോ ജോലി ചെയ്യുന്നതിനോ ഇവർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ഈ മാസം നാട്ടിൽ തിരിച്ചെത്തിയ ഊർമ്മി ഭട്ടാചാര്യ ഇൻസ്റ്റാഗ്രാമിലൂടെ തന്റെ അനുഭവം പങ്കുവെച്ചു. “എന്റെ ചർമ്മത്തിന്റെ നിറമോ വംശമോ ഇന്ത്യൻ ഇംഗ്ലീഷ് ശൈലിയോ എന്തുതന്നെയായാലും, എനിക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ഞാൻ പോരാടിയത്. നീതിക്ക് മുന്നിൽ ഞാൻ തലകുനിക്കില്ല,” ഊർമ്മി കുറിച്ചു. ഇന്ത്യൻ വിഭവങ്ങളുടെ മണത്തെ ‘അരോമ’ (സുഗന്ധം) എന്ന് വിളിക്കുന്ന ഭാരതീയർക്ക് ഈ സംഭവം വലിയ ആവേശമാണ് നൽകിയത്. “പാലക് പനീറിന് മണമില്ലെങ്കിൽ പിന്നെന്തിനാണ് അത് കഴിക്കുന്നത്? പാശ്ചാത്യർക്ക് സംസ്കാരമില്ലാത്തതാണ് പ്രശ്നം” എന്നിങ്ങനെയാണ് സോഷ്യൽ മീഡിയ പ്രതികരണങ്ങൾ.












Discussion about this post