ഇറാനിൽ ആയത്തൊള്ള ഖമേനി ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം ചോരക്കളമാകുന്നു. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,500 കടന്നതോടെ ഇറാനിലുള്ള മുഴുവൻ ഇന്ത്യക്കാരോടും രാജ്യം വിടാൻ ഇന്ത്യൻ എംബസി അടിയന്തര നിർദ്ദേശം നൽകി. വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസ്സുകാർ, വിനോദസഞ്ചാരികൾ എന്നിവരടക്കം നിലവിൽ ഇറാനിലുള്ള എല്ലാ ഭാരതീയരും ലഭ്യമായ വിമാന സർവീസുകൾ ഉപയോഗിച്ച് എത്രയും വേഗം മടങ്ങണമെന്നാണ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടത്തിന്റെ അടിച്ചമർത്തലിൽ മരണം വിതയ്ക്കുന്ന കാഴ്ചകളാണ് ഓരോ മണിക്കൂറിലും പുറത്തുവരുന്നത്. രാജ്യവ്യാപകമായ പ്രക്ഷോഭം അടിച്ചമർത്താൻ സൈന്യം നടത്തുന്ന ക്രൂരമായ നീക്കങ്ങളിൽ മരണസംഖ്യ കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തിലാണ് ഭാരതീയരുടെ സുരക്ഷ മുൻനിർത്തി ഇന്ത്യൻ എംബസി കർശനമായ യാത്രാ നിർദ്ദേശം പുറപ്പെടുവിച്ചത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ പ്രസ്താവന ഇറാൻ ഭരണകൂടത്തെ കൂടുതൽ പ്രകോപിപ്പിച്ചിരിക്കുകയാണ്.ഇറാനിലെ പ്രക്ഷോഭകരോട് രാജ്യത്തെ സർക്കാർ സ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ ട്രംപ് ആഹ്വാനം ചെയ്തു. പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ട് പോകരുതെന്നും ആവശ്യമായ സഹായം ഉടൻ എത്തുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാനിൽ തുടരുന്ന ഭാരതീയർ അതീവ ജാഗ്രത പാലിക്കണമെന്ന് എംബസി അറിയിച്ചു.
പ്രക്ഷോഭ കേന്ദ്രങ്ങൾ ഒഴിവാക്കുക: പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.രേഖകൾ തയ്യാറാക്കി വെക്കുക: പാസ്‌പോർട്ട്, ഐഡി കാർഡുകൾ, വിസ രേഖകൾ എന്നിവ എപ്പോഴും കൈവശം കരുതുക.
രജിസ്‌ട്രേഷൻ: ഇതുവരെ എംബസിയിൽ പേര് വിവരങ്ങൾ നൽകാത്തവർ അടിയന്തരമായി അത് പൂർത്തിയാക്കുക.
സമ്പർക്കം പുലർത്തുക: ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുമായും വിദേശകാര്യ മന്ത്രാലയത്തിന്റെ ഹെൽപ്പ് ലൈൻ നമ്പറുകളുമായും നിരന്തരം ബന്ധപ്പെടുക.
ഇറാനിലെ സാമ്പത്തിക തകർച്ചയ്ക്കും ഇസ്ലാമിക നിയമങ്ങൾക്കും എതിരെ തുടങ്ങിയ പ്രക്ഷോഭം ഇപ്പോൾ ഭരണകൂടത്തെ തന്നെ താഴെയിറക്കാനുള്ള വിപ്ലവമായി മാറിയിരിക്കുകയാണ്.









Discussion about this post