ഭോപ്പാൽ : പാമ്പെന്ന് കേട്ടാൽ തന്നെ പേടിച്ചോടുന്നവരാണ് നമ്മളിൽ പലരും. തോട്ടത്തിലോ പറമ്പിലോ പാമ്പിനെ കണ്ടാൽ പലരും പിന്നെ ആ വഴിക്ക് പോകാറില്ല. എന്നാൽ പാമ്പിനെ കളിപ്പാട്ടമായി കണക്കാക്കി, അതിനോടൊപ്പം കളിക്കുന്ന കുട്ടികളുണ്ട് നമ്മുടെ രാജ്യത്ത് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. അതും സാധാരണ പാമ്പുകളല്ല, വമ്പൻ മൂർഖന്മാർ തന്നെ.
അതെ മദ്ധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ മൗരാഹ ഗ്രാമത്തിലുള്ള നാഥ് സമുദായക്കാരാണ് പാമ്പുകളെ കൂട്ടുകാരായി കണക്കാക്കുന്നത്. അവിടുത്തെ കുട്ടികൾ കളിക്കുക മാത്രമല്ല, പാമ്പുകളെ കൂട്ടുകാരെപ്പോലെ കാണുന്നു, അവയ്ക്ക് പേരിടുന്നു. പാമ്പുകളെ മാലപോലെ കഴുത്തിൽ ഇടാനും അവർക്ക് പേടിയില്ല.
കളിപ്പാട്ടങ്ങൾ വാങ്ങാൻ പണമില്ലാത്തതിനാൽ ഗ്രാമത്തിലെ കുട്ടികൾ പാമ്പുകളെയാണ് കളിപ്പാട്ടമാക്കുന്നത് എന്ന് ഗ്രാമവാസിയായ രാജു നാഥ് പറഞ്ഞു. മുതുമുത്തച്ഛന്മാരുടെ കാലം തൊട്ട് ഇങ്ങനെയാണ് ചെയ്തുവരുന്നത്. തങ്ങളും പാമ്പുകളോടൊപ്പം കളിച്ചാണ് വളർന്നത്. ചില പാമ്പുകളെ സോനു എന്നും ചിലതിനെ മോനു എന്നും വിളിക്കുന്നു. എന്നാൽ ഒരു പാമ്പ് പോലും ഇതുവരെ ആരെയും കടിച്ചിട്ടില്ലെന്ന് രാജു പറഞ്ഞു.
കാട്ടിൽ നിന്നാണ് ഈ പാമ്പുകളെ പിടിച്ചുകൊണ്ട് വന്നത്. ഇവിടെ എത്തിച്ചപ്പോൾ കുട്ടികൾ അവയ്‌ക്കൊപ്പം കളിക്കാൻ ആരംഭിച്ചു. എന്നാൽ ഇതുവരെ പാമ്പുകടിയേറ്റ് ആരെയും ആശുപത്രിയിലേക്ക് കൊണ്ടുവന്നിട്ടില്ലെന്നും രാജു വ്യക്തമാക്കി.
പാമ്പുകൾ കുട്ടിക്കാലം മുതൽ തങ്ങളുടെ സുഹൃത്തുക്കളാണ് പത്താം ക്ലാസുകാരിയായ ലക്ഷ്മി പറഞ്ഞു. തങ്ങൾക്ക് കളിപ്പാട്ടത്തിന്റെ ആവശ്യമില്ല. തന്റെ ഇളയ സഹോദരനും സഹോദരയും പാമ്പുകളോടൊപ്പമാണ് കളിക്കാറുളളത് എന്നും പെൺകുട്ടി പറയുന്നു.
Discussion about this post