ടോക്കിയോ: സുനാമിയില്‍ തകര്‍ന്ന ഫുകുഷിമ ആണവ നിലയത്തില്‍ നിന്ന് ഓഗസ്റ്റ് 24ന് ഒരു ദശലക്ഷം മെട്രിക് ടണ്ണിലധികം ശുദ്ധീകരിച്ച റേഡിയോ ആക്ടീവ് വെള്ളം സമുദ്രത്തിലേക്ക് തുറന്ന് വിടാന്‍ തുടങ്ങുമെന്ന് ജപ്പാന്‍ അറിയിച്ചു. ടോക്കിയോ ഇലക്ട്രിക് പവര്‍ കമ്പനി (ടെപ്കോ) നടത്തുന്ന ഫുകുഷിമ പ്ലാന്റ് ഡീകമ്മീഷന്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. രണ്ട് വര്‍ഷം മുന്‍പ് അംഗീകരിച്ച പദ്ധതിക്ക് പക്ഷെ കടുത്ത എതിര്‍പ്പാണ് മത്സ്യബന്ധന സമൂഹത്തില്‍ നിന്നും അയല്‍ രാജ്യങ്ങളില്‍ നിന്നും നേരിടുന്നത്.
“രാജ്യത്തെ ന്യൂക്ലിയര്‍ റെഗുലേഷന്‍ അതോറിറ്റി അംഗീകരിച്ച പദ്ധതി അനുസരിച്ച് വെള്ളം പുറന്തള്ളുന്നതിന് വേഗത്തില്‍ തയ്യാറെടുക്കാന്‍ ഞാന്‍ ടെപ്കോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കാലാവസ്ഥ അനുവദിക്കുകയാണെങ്കില്‍ ഓഗസ്റ്റ് 24 ന് ജലം പുറന്തള്ളാന്‍ തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു”, പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ചൊവ്വാഴ്ച രാവിലെ പറഞ്ഞു.
ജലം തുറന്നുവിടുന്നത് സംബന്ധിച്ച് മത്സ്യബന്ധന സമൂഹവുമായി ധാരണയായെന്ന് സര്‍ക്കാര്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അണുവികിരണമുള്ള വെള്ളം തങ്ങളുടെ ഉപജീവന മാര്‍ഗ്ഗത്തെ പ്രതിസന്ധിയിലാക്കുമെന്നാണ് മത്സ്യതൊഴിലാളികളുടെ ആശങ്ക.
അന്താരാഷ്ട്ര സമൂഹത്തില്‍ ഇക്കാര്യത്തില്‍ കൃത്യമായ ധാരണയുണ്ടെന്ന് താന്‍ വിശ്വസിക്കുന്നതായി കിഷിദ പറഞ്ഞു. ജലത്തില്‍ നിന്ന് വേര്‍പെടുത്താന്‍ പ്രയാസമുള്ള ഹൈഡ്രജന്റെ ഐസോടോപ്പായ ട്രിറ്റിയം ഒഴികെയുള്ള മിക്ക റേഡിയോ ആക്ടീവ് മൂലകങ്ങളും നീക്കം ചെയ്യാന്‍ വെള്ളം ഫില്‍ട്ടര്‍ ചെയ്യും. കൂടാതെ ശുദ്ധീകരിച്ച വെള്ളം പസഫിക്കിലേക്ക് വിടുന്നതിന് മുന്‍പ് ട്രിറ്റിയത്തിന്റെ അന്താരാഷ്ട്ര അംഗീകാരമുള്ള അളവിലും താഴെയായി ലയിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓഗസ്റ്റ് 24 വ്യാഴാഴ്ച മുതല്‍ 17 ദിവസത്തിനുള്ളില്‍ 7,800 ക്യുബിക് മീറ്റര്‍ വെള്ളം സമുദ്രത്തിലേക്ക് തുറന്നുവിടുമെന്ന് ടെപ്കോ പറഞ്ഞു. പുറത്തേക്ക് വിടുന്ന വെള്ളം സുരക്ഷിതമാണെന്ന് ജപ്പാന്‍ അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരമുള്ള എല്ലാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പാലിച്ചാണ് വെള്ളം പുറത്തേക്ക് വിടുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ പദ്ധതി എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും ഇത് ആളുകളിലും പരിസ്ഥിതിയിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ലെന്നും യുഎന്‍ ആണവ നിരീക്ഷകരായ ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ) വ്യക്തമാക്കുന്നു.
എന്നാല്‍ ഇതിനെതിരെ കടുത്ത എതിര്‍പ്പുമായി അയല്‍രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ജപ്പാന്‍ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണെന്നും അന്താരാഷ്ട്ര സമൂഹത്തിനോട് ആലോചിക്കാതെയുള്ള ധാര്‍ഷ്ട്യമാണ് കാണിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി ഫുകുഷിമയും തലസ്ഥാനമായ ടോക്കിയോയും ഉള്‍പ്പെടെയുള്ള ജപ്പാനിലെ 10 പ്രദേശങ്ങളില്‍ നിന്നുള്ള സീഫുഡ് ഇറക്കുമതി ചൈന നിരോധിച്ചു. ദക്ഷിണ കൊറിയന്‍ സാമൂഹ്യ പ്രവര്‍ത്തകരും പദ്ധതിയില്‍ പ്രതിഷേധിച്ചു രംഗത്തുണ്ട്. എന്നാല്‍ പദ്ധതി സുരക്ഷിതമാണെന്ന ഐഎഇഎയുടെ നിഗമനത്തില്‍ വിശ്വസിക്കുന്നു എന്നാണ് ദക്ഷിണ കൊറിയന്‍ ഭരണാധികാരികളുടെ നിലപാട്.
അതേസമയം പദ്ധതിയെ അനുകൂലിക്കുകയാണ് നിരവധി ശാസ്ത്രജ്ഞര്‍. “എല്ലാ റേഡിയോ ആക്ടീവ് വസ്തുക്കളും എല്ലായ്‌പ്പോഴും എല്ലായിടത്തും അപകടകരമാണെന്നത് തെറ്റായ ധാരണയാണ്. എല്ലാ റേഡിയോ ആക്ടീവ് വസ്തുക്കളും അപകടകരമല്ല. ലോകമെമ്പാടുമുള്ള ആണവ നിലയങ്ങള്‍ 60 വര്‍ഷത്തിലേറെയായി ആളുകള്‍ക്കും പരിസ്ഥിതിക്കും ദോഷം വരുത്താതെ ട്രിറ്റിയം അടങ്ങിയ വെള്ളം പതിവായി പുറന്തള്ളുന്നു. അതില്‍ മിക്കതും ഫുകുഷിമയ്ക്കായി നിലവില്‍ നിശ്ചയിച്ചിട്ടുള്ള അളവിനേക്കാള്‍ കൂടുതലാണ്”, ഓസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഓണററി അസോസിയേറ്റ് പ്രൊഫസര്‍ ടോണി ഇര്‍വിന്‍ പറഞ്ഞു.
2011ല്‍ ജപ്പാന്റെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച വന്‍ സുനാമിയിലാണ് ഫുകുഷിമ ആണവ കേന്ദ്രം തകര്‍ന്നത്. അന്ന് ഉണ്ടായ അപകടത്തില്‍ ആണവ ഇന്ധന ദണ്ഡുകള്‍ ഉരുകിയതിന് ശേഷം ഇവ തണുപ്പിക്കാന്‍ ഉപയോഗിച്ച വെള്ളമാണ് ഇപ്പോള്‍ പുറന്തള്ളുന്നത്. പുറന്തള്ളിയതിന് ശേഷമുള്ള സമുദ്രജലത്തിന്റെ ആദ്യ പരിശോധനാഫലം സെപ്റ്റംബര്‍ തുടക്കത്തില്‍ ലഭ്യമായേക്കുമെന്ന് ജാപ്പനീസ് അധികൃതര്‍ പറഞ്ഞു. പ്ലാന്റിന് സമീപമുള്ള വെള്ളത്തിലെ മത്സ്യങ്ങളെ ടെസ്റ്റിന് വിധേയമാക്കുകയും പരിശോധനാ ഫലങ്ങള്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കുകയും ചെയ്യുമെന്നും ജപ്പാന്‍ വ്യക്തമാക്കി.
Discussion about this post