ന്യൂഡൽഹി : 2024 മുതൽ ബോർഡ് പരീക്ഷകൾ വർഷത്തിൽ രണ്ടുതവണയായി നടത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. നിലവിലുള്ള വിദ്യാഭ്യാസ രീതികളിൽ വിവിധ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഒരു പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. ഒറ്റത്തവണ വാർഷിക പരീക്ഷകളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ഉണ്ടാകുന്ന ഉയർന്ന സമ്മർദ്ദം ലഘൂകരിക്കാനും മികച്ച സ്കോറുകൾ നേടാൻ സഹായിക്കുന്നതിനുമാണ് രണ്ടുതവണയായി ബോർഡ് പരീക്ഷകൾ നടത്തുന്നത്.
2024 അധ്യയന വർഷത്തേക്ക് പുതിയ ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള പാഠപുസ്തകങ്ങൾ വികസിപ്പിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചു. പുതിയ മാറ്റങ്ങൾ അനുസരിച്ച് വരും വർഷങ്ങളിൽ 11, 12 ക്ലാസുകളിൽ വിദ്യാർത്ഥികൾ രണ്ട് ഭാഷകൾ പഠിക്കേണ്ടതുണ്ട്. അതിലൊന്ന് ഇന്ത്യൻ ഭാഷയായിരിക്കണം. ഭാഷാപരമായ വൈദഗ്ദ്ധ്യം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
ഒരു വർഷത്തോളം നീണ്ടുനിൽക്കുന്ന പഠനവും അവ ഓർത്തുവെക്കുക, മനപാഠം ആക്കുക എന്നതിലുപരിയായി വിദ്യാർത്ഥികളുടെ ധാരണയും കഴിവും വിലയിരുത്തുന്നതിനാണ് പുതിയ വിദ്യാഭ്യാസ ചട്ടക്കൂട് നിർദ്ദേശിക്കുന്നത്. വിവിധ വിഷയങ്ങളിൽ കൂടുതൽ പ്രായോഗിക വൈദഗ്ദ്ധ്യം നേടാൻ ആയിരിക്കും പുതിയ വിദ്യാഭ്യാസ നയം ശ്രദ്ധ ചെലുത്തുന്നത്.
Discussion about this post