ചാന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തെക്കുറിച്ച് പങ്കുവെക്കപ്പെട്ട ഒരു കുറിപ്പ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്. ചരിത്രം പകവീട്ടുന്നത് ഇങ്ങനെയൊക്കെയാണെന്ന് പറഞ്ഞുകൊണ്ട് ആര്യലാൽ എഴുതിയ ഫേസ്ബുക്ക് കുറിപ്പാണ് തരംഗമാവുന്നത്. രാജ്യത്തിന്റെ പരാജയ ദുഃഖം ആഘോഷിക്കാൻ കാത്തു നിന്നവർക്കിടയിലേക്കാണ് ഇന്ന് വിജയത്തിന്റെ ചിരിയുമായി ചാന്ദ്രയാൻ 3 ന്റെ വാർത്ത വരുന്നത് എന്നാണ് ആര്യലാൽ വ്യക്തമാക്കുന്നത്. നിരവധി പേരാണ് ഇപ്പോൾ ആര്യലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പ്രതികരണവുമായി എത്തുന്നത്.
ആര്യലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
#ചരിത്രം_പകവീട്ടുന്ന_വഴികൾ
ഇന്ത്യ അസാധ്യതകളെ പമ്പകടത്തുകയാണ്. രാജ്യങ്ങളുടെ കൂട്ടയോട്ടത്തിൽ ‘മുടന്തിപ്പോയതിന്റെ’ പ്രായശ്ചിത്തം അതിവേഗത കൊണ്ട് പരിഹരിക്കുകയാണ്.
ഉണർന്നെഴുന്നേറ്റ് ചവിട്ടി നടക്കും മുന്നേ “പാദ സ്പർശം ക്ഷമസ്വമേ…”എന്ന് ഭൂമി ദേവിയോട് പ്രാർത്ഥിക്കാറുള്ളവരാണ് നാം. നമ്മുടെ വിശ്വാസത്തിന്റെ അതേ പ്രാർത്ഥനയുടെ ശാസ്ത്ര വിജയമാണ് ഇന്ന് ആകാശത്തിലെ അമ്പിളിയിലും നാം കണ്ടത്. ആകാശവും നക്ഷത്രവും അറിയാതെ പതിയെയൊരു പൂച്ചക്കാൽചവിട്ടിയിറക്കം! വിജയശില്പികളായ ശാസ്ത്രജ്ഞർക്ക് വിനയാഭിവാദനങ്ങൾ.
ഇപ്പോഴിതാ ചരിത്രം ഇച്ഛകൾക്കു കീഴ്പ്പെട്ടിരിക്കുന്നു ! അന്യ രാജ്യങ്ങൾ നേട്ടങ്ങളെല്ലാം എഴുതിയെടുക്കുന്നത് മാത്രം കാണാൻ വിധിച്ച കണ്ണുകൾക്ക് മുന്നിലാണ് ചന്ദ്രനിൽ ഇനി തിരുത്താൻ അസാധ്യമായചരിത്രമായി ഇന്ത്യ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നത്.
ശാസ്ത്ര പുരോഗതി മാത്രമല്ല രാഷ്ട്രീയമായ ഇച്ഛാശക്തി കൂടിയാണ് ഇന്ധനം. ആ ഇച്ഛാശക്തി ഇല്ലായ്മയാണ് ഭൂതകാലത്തുനിന്നും നമ്മുടെ കൂടെ ഓടിയവരെ ബഹുദൂരം മുന്നിലെത്തിച്ചത്.
ചരിത്രം പകവീട്ടുന്നത് ഇങ്ങനെയൊക്കെയാണ്.പ്രകാശ് രാജ് ആണ് ശരി.രാമനെ നിന്ദിച്ച രാവണൻ തന്നെയാണയാൾ.നിന്ദ ‘സ്തുതി’യായി മാറുന്ന രസതന്ത്ര വിദ്യയാണ് ഈ വിജയം നമ്മെ പഠിപ്പിക്കുന്നത്. ചന്ദ്രയാൻ അയക്കുന്ന ആദ്യ ചിത്രം ആ ‘ചായക്കടക്കാരന്റെ’ തന്നെയായിരിക്കണം. ആ ചായക്കട ചന്ദ്രനിലായിരുന്നില്ല എന്നേ ഉള്ളൂ. ഗുജറാത്തിലെ ആ ചായക്കോപ്പയിൽ നിന്നുള്ള ഊക്കാണ് ഉപഗ്രഹത്തെ ‘മൃദുപാദ സ്പർശനം’ ചെയ്യാൻ ഉപകരിച്ചത്. പ്രകാശിന്റെ നിന്ദയുടെ ആ ചിത്രം തന്നെയാണ് ചന്ദ്രയാന്റെ ഉപകാര സ്മരണയിലെ ആദ്യ സ്തുതി ചിത്രം.
എത്ര ചിരികളാണ് നിരാശാ ഭരിതമായ വിങ്ങിപ്പൊട്ടലുകൾക്ക് വഴിമാറിയത്. രാജ്യത്തിന്റെ പരാജയ ദു:ഖം ആഘോഷിക്കാൻ കാത്തു നിന്നവർക്കിടയിലേക്കാണ് വിജയത്തിന്റെ ആ വാർത്ത വരുന്നത്. ‘വിഗ്രഹാരാധകന്റെ പാമ്പാട്ടിയുടെ ഗോമൂത്രം കുടിക്കുന്നവന്റെ ഇന്ത്യ ചന്ദ്രനിൽ ചരിത്രമെഴുതിയിരിക്കുന്നു.’ രാജ്യവും മോദിയും മാത്രമല്ല തിരുപ്പതിയും ആക്ഷേപത്തിൽ നിന്നും രക്ഷപെട്ടു! വിഘ്നമകലാൻ ‘മിത്തിനു’ മുന്നിൽ ഉടഞ്ഞ നാളികേരങ്ങളും പാഴായില്ല. ശാസ്ത്രം ജയിച്ചിട്ടും വിശ്വാസം തോറ്റില്ല.ചേമ്പില താണ്ടിപ്പോകാനുള്ള ശേഷിയില്ലെങ്കിലും ശാസ്ത്ര ബോധം വരുത്താൻ നടക്കുന്നവരുടെ വാണം വിടൽ ഇന്നും ഇപ്പോഴും തീർന്നിട്ടില്ല… വിശ്വാസം കലർന്നു പോയതു കൊണ്ട് ‘യോഗ’ മാത്രമേ മിത്തായുള്ളൂ … മറ്റേത് മികച്ച ഒരു ശാസ്ത്രീയ വ്യായാമമാണ്. സാരമില്ല അതെങ്കിലും നടക്കട്ടെ !
നിരാശയുടെ ഇരുൾ നിറഞ്ഞ രാത്രി അവസാനിച്ചിട്ടുള്ള പുതിയ ഉദയത്തിൽ രാജ്യം അതിന്റെ കാലിൽ എഴുന്നേറ്റ് നിൽക്കുകയാണ്. അതിവിദൂരമല്ലാത്ത അതിന്റെ ‘പരമവൈഭവ’ത്തെ സ്വാഗതം ചെയ്യുകയാണ്. ഇപ്പോൾ ഈ പ്രഭാത സന്ധ്യയിൽ ഒന്നേ പ്രാർത്ഥിക്കാനുള്ളൂ ….:
“അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ തമ്പുരാനെ… ഞങ്ങൾക്കു വേണ്ടി വീണ്ടും വീണ്ടും ജയിക്കേണമേ … ഞങ്ങളെയും ഈ രാജ്യത്തെയും പിശാചുക്കളിൽ നിന്നും മോചിപ്പിച്ച് ലക്ഷ്യത്തിലേക്ക് നയിക്കേണമേ…!”
Discussion about this post