ന്യൂഡല്‍ഹി : 69ാമത് ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ വ്യാഴാഴ്ച പ്രഖ്യാപിക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ഡല്‍ഹിയില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തിലാകും പ്രഖ്യാപനം ഉണ്ടാകുക. പുരസ്‌കാരം പ്രഖ്യാപനത്തിന് മുന്‍പ് ജൂറി യോഗം ചേരും.
പുരസ്‌കാര പട്ടികയില്‍ മലയാളത്തിന്റെ ഇഷ്ട താരങ്ങളും കടന്നിട്ടുണ്ടെന്നാണ് സൂചന. ആര്‍ക്കറിയാം, നായാട്ട് തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും, നായാട്ടിലെ അഭിനയത്തിന് ജോജു ജോര്‍ജും മികച്ച നടനുള്ള പുരസ്‌കാരത്തിന്റെ സാധ്യതാ പട്ടികയില്‍ ഉണ്ടെന്നാണ് സൂചന. മലയാളത്തിന്റെ പ്രിയങ്കരനായ നടന്‍ മാധവനും നമ്പി നാരായണന്റെ ജീവിത കഥ പറഞ്ഞ റോക്കട്രി: ദി നമ്പി എഫക്ട് എന്ന ചിത്രത്തിലൂടെ മത്സര രംഗത്തുണ്ട്. കൂടാതെ ബോളിവുഡില്‍ നിന്ന് കശ്മീര് ഫയല്‍സിലൂടെ അനുപം ഖേറും മികച്ച നടനുള്ള മത്സരത്തില്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓസ്‌കര്‍ ചിത്രമായ രാജമൗലിയുടെ ആര്‍ ആര്‍ ആര്‍ മത്സരരംഗത്തുണ്ട്. ചിത്രത്തിലെ സംഗീതത്തിന് കീരവാണിക്ക് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം ലഭിക്കാന്‍ സാധ്യതയുണ്ട്.
അതേ സമയം മികച്ച നടിക്കുള്ള മത്സരത്തില്‍ ബോളിവുഡില്‍ നിന്ന് ഗംഗുഭായി എന്ന ചിത്രത്തിലൂടെ ആലിയയും തലൈവിയിലൂടെ കങ്കണ റണൗട്ടിനും സാധ്യതയുണ്ടെന്ന സൂചനകളും പുറത്ത് വരുന്നു.








