കൊച്ചി : ഹൈക്കോടതിയുടെ വിലക്ക് മറികടന്ന് ശാന്തന്‍പാറയില്‍ പാര്‍ട്ടി ഓഫീസ് നിര്‍മാണവുമായി മുന്നോട്ടുപോയ സി.പി.എമ്മിനെതിരേ നടപടിയെടുത്ത് ഹൈക്കോടതി. സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി ഉത്തരവിട്ടു. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ ഈ കെട്ടിടം സിപിഎം ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി.
റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി ഇല്ലാതെ ശാന്തന്‍പാറ ഏരിയ കമ്മിറ്റി ഓഫീസിന്റെ അടക്കമുള്ള സിപിഎം പാര്‍ട്ടി ഓഫീസുകളുടെ നിര്‍മാണം അടിയന്തരമായി തടയാന്‍ ചൊവ്വാഴ്ചയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവിട്ടത്. എന്നാല്‍ ഉത്തരവു വന്നശേഷവും ഓഫീസ് നിര്‍മാണം സിപിഎം തുടര്‍ന്നു. ഉത്തരവ് രേഖാമൂലം ലഭിച്ചില്ലെന്നായിരുന്നു ഇതിന് ജില്ലാ നേതൃത്വം നല്‍കിയ വിശദീകരണം. ഇരുപതിലേറെ തൊഴിലാളികളെ എത്തിച്ച് രാത്രി തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു. വൈകിട്ട് ഏഴിന് തുടങ്ങിയ നിര്‍മാണം ബുധനാഴ്ച പുലര്‍ച്ചെ നാലോടെയാണ് അവസാനിപ്പിച്ചത്. ഇതോടെ ബുധനാഴ്ച റവന്യൂ വകുപ്പ് വീണ്ടും നിരോധന ഉത്തരവ് (സ്റ്റോപ്പ് മെമ്മോ) നല്‍കി.
നിര്‍മാണം നിര്‍ത്താനും തല്‍സ്ഥിതി തുടരാനും ആവശ്യപ്പെട്ടാണ് ശാന്തന്‍പാറ വില്ലേജ് ഓഫീസര്‍ നിരോധന ഉത്തരവുനല്‍കിയത്. ഉടുമ്പന്‍ചോല ഭൂരേഖ തഹസില്‍ദാരുടെ നിര്‍ദേശാനുസരണം വില്ലേജ് ഓഫീസര്‍ ശാന്തന്‍പാറയിലെത്തി ലോക്കല്‍ സെക്രട്ടറിക്ക് ഉത്തരവ് കൈമാറി. നിര്‍മാണം നടക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിരീക്ഷണം നടത്താനും പോലീസിനും കത്തുനല്‍കിയിരുന്നു.
അതേസമയം നിര്‍മാണപ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച രാവിലെ കളക്ടര്‍ രേഖാമൂലം കത്ത് നല്‍കിയതിന് ശേഷം അവിടെ നിര്‍മാണപ്രവര്‍ത്തനം നടന്നിട്ടില്ലെന്നും ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും സിവി വര്‍ഗീസ് പ്രതികരിച്ചു.
Discussion about this post