തിരുവനന്തപുരം: നിയമസഭാ ജീവനക്കാർക്കായി സംഘടിപ്പിച്ച ഓണസദ്യ കഴിക്കാനാകാതെ തിരികെ മടങ്ങി സ്പീക്കർ എൻ ഷംസീർ. ഊണ് കിട്ടാതെ വന്നതോടെ പഴവും പായസവും മാത്രം കഴിച്ച് അദ്ദേഹത്തിന് തൃപ്തിപ്പെടേണ്ടിവന്നു. ഉണ്ണാൻ എത്തിയപ്പോഴേയ്ക്കും സദ്യ തീർന്ന പോയതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന് നിരാശനായി തിരികെ മടങ്ങേണ്ടിവന്നത്.
ഇന്നലെയായിരുന്നു നിയമസഭാ ജീവനക്കാർക്കായി സ്പീക്കർ ഓണസദ്യ ഒരുക്കിയത്. 1300 പേർക്കുള്ള സദ്യയായിരുന്നു ഒരുക്കിയിരുന്നത്. എന്നാൽ പകുതിയോളം പേർക്ക് വിളമ്പിയപ്പോഴേക്കും സദ്യ തീർന്നുപോയിരുന്നു. ഇതിനിടെയായിരുന്നു ഊണ് കഴിക്കാനായി സ്പീക്കറും സംഘവും എത്തിയത്. എന്നാൽ ചോറും കറികളും കഴിഞ്ഞിരുന്നു. ഇലയ്ക്ക് മുൻപിൽ ചോറിനായി 20 മിനിറ്റോളം സ്പീക്കർക്ക് കാത്ത് നിന്നു. സദ്യ കഴിഞ്ഞതായി അറിഞ്ഞതോടെ മറ്റ് ആളുകൾക്ക് വിളമ്പിയ പഴവും പായസവും എടുത്ത് സ്പീക്കർക്ക് നൽകുകയായിരുന്നു. ഇത് കഴിച്ച് സ്പീക്കറും സംഘവും മടങ്ങി.
800 പേർക്ക് മാത്രമാണ് സ്പീക്കർ ഒരുക്കിയ ഓണ സദ്യ കഴിക്കാനുള്ള ഭാഗ്യമുണ്ടായത്. 400 പേർക്ക് ഇരിക്കാൻ കഴിയുന്ന ഹാളിലായിരുന്നു ഓണ സദ്യ. ആദ്യ പന്തിയിൽ ഇരുന്ന എല്ലാവർക്കും സദ്യ ലഭിച്ചു. എന്നാൽ രണ്ടാമത്തെ പന്തിയിൽ പകുതിപ്പേർക്ക് വിളമ്പിയപ്പോഴേക്കും സദ്യ കഴിയുകയായിരുന്നു. പന്തിയിലുണ്ടായിരുന്ന മറ്റുള്ളവർക്ക് പുറത്ത് നിന്നും സാധനങ്ങൾ എത്തിച്ചാണ് വിളമ്പിയത്. ഇതോടെ ഓണസദ്യ അവസാനിപ്പിച്ചു.
കഴിക്കാൻ കാത്ത് നിന്ന മറ്റുള്ളവർക്ക് ഇന്ത്യൻ കോഫി ഹൗസുൾപ്പെടെയുള്ളവിടങ്ങളിൽ നിന്നും ഭക്ഷണം വാങ്ങി നൽകി. സദ്യയ്ക്ക് പകരം പൊറോട്ടയും ചപ്പാത്തിയുമെല്ലാമാണ് ഇവർക്ക് ലഭിച്ചത്. കാട്ടാക്കട മുതിയാവിളയിലെ കേറ്ററിംഗ് ഏജൻസിയ്ക്കായിരുന്നു സദ്യയുടെ ചുമതല. സദ്യ തികയാത്ത സംഭവത്തിൽ സ്പീക്കർ അന്വേഷണത്തിന് നിർദ്ദേശിച്ചിട്ടുണ്ട്.












