ചെന്നൈ: ചാന്ദ്രയാൻ 3 പദ്ധതിയുടെ ഭാഗമായ ശാസ്ത്രജ്ഞയ്ക്ക് അയൽക്കാർ ഗംഭീര സ്വീകരണം നൽകുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. ഇസ്രോ ശാസ്ത്രജ്ഞയായ പാർവ്വതിയ്ക്ക് അവരുടെ അയൽക്കാരായ ആളുകളാണ് റെയിൻബോ ഡ്രൈവിൽവച്ച് ഉജ്ജ്വലമായ സ്വീകരണം നൽകിയത്.
41 ദിവസത്തെ യാത്രയ്ക്കൊടുവിൽ ബുധൻ വൈകിട്ട് 6.04നാണ് ‘ചാന്ദ്രയാൻ 3’ ചന്ദ്രന്റെ നിഴൽമേഖലയിൽ പറന്നിറങ്ങിയത്. മൂന്നു ദിവസം താഴ്ന്ന ഭ്രമണപഥത്തിൽ ചന്ദ്രനെ ചുറ്റിയ ലാൻഡറും റോവറും അടങ്ങിയ പേടകം വൈകിട്ട് 5.44ന് 30 കിലോമീറ്റർ അടുത്തെത്തി. മണിക്കൂറിൽ 6048 കിലോമീറ്റർ വേഗത്തിലെത്തിയ പേടകത്തെ നാല് ദ്രവ എൻജിൻ ജ്വലിപ്പിച്ച് നിയന്ത്രിച്ചു. ബംഗളൂരു ഇസ്ട്രാക്ക് മിഷൻ കൺട്രോൾ സെന്റർ നൽകിയ കമാൻഡ് കൃത്യമായി സ്വീകരിച്ചായിരുന്നു ജ്വലനം.
തുടർന്ന് പേടകത്തിന്റെ പ്രവർത്തനം പൂർണമായും സ്വയംനിയന്ത്രണ സംവിധാനത്തിലായി. വേഗം 1200 കിലോമീറ്ററായി കുറയ്ക്കുന്ന റഫ് ബ്രേക്കിങ് ഘട്ടം 11 മിനിറ്റ് നീണ്ടു. ചരിഞ്ഞ് നീങ്ങിയ പേടകം ചന്ദ്രനിൽനിന്ന് 7.4 കിലോമീറ്റർ ഉയരത്തിലും അവിടെനിന്ന് 6.5 കിലോമീറ്ററിലും എത്തി. തുടർന്ന് ലാൻഡറിന്റെ കാലുകൾ ചന്ദ്രോപരിതലത്തിലേക്ക് തിരിക്കുന്ന ഫൈൻ ബ്രേക്കിങ് ഘട്ടത്തിലേക്ക്. 800 മീറ്ററിലേക്ക് എത്തിയതോടെ പേടകം 15 സെക്കൻഡോളം നിശ്ചലമായി. ഇതിനിടെ സെൻസറുകളും കാമറകളും ഡോപ്ലർ വെലോസിറ്റി മീറ്ററും സോഫ്റ്റ് ലാൻഡിങ്ങിനുള്ള നിശ്ചിത സ്ഥലം നിരീക്ഷിച്ച് വിശകലനം ചെയ്ത് യാത്ര തുടർന്നു. 60 മുതൽ 10 മീറ്റർവരെ താഴേക്കുള്ള ദൂരം തൂവൽപോലെ പേടകം പറന്നു. സെക്കൻഡിൽ 2-3 മീറ്റർ വേഗത്തിലായിരുന്നു അവസാനഘട്ടത്തിലെ കുത്തനെയുള്ള ഇറക്കം. വൈകിട്ട് 6.03ന് ചാന്ദ്രയാന്റെ നാല് കാലുകൾ ദക്ഷിണധ്രുവത്തിൽ തൊട്ടു.
പടുകൂറ്റൻ ഗർത്തങ്ങളായ മാൻസിനസ് സി, സിം പെലിയസ് എന്നിവയ്ക്കിടയിലുള്ള സമതലത്തിലാണ് ലാൻഡർ സുരക്ഷിതമായി ഇറങ്ങിയത്. വലിയതോതിൽ പൊടിപടലം ഉയർന്നതിനാൽ ലാൻഡറിൽനിന്ന് രണ്ടര മണിക്കൂർ കഴിഞ്ഞാണ് റോവർ പുറത്തിറങ്ങിയത്.
Discussion about this post