മുസാഫർനഗർ : ഉത്തർപ്രദേശിലെ മുസാഫർനഗറിലെ ഒരു സ്വകാര്യ സ്‌കൂളിലെ അധ്യാപിക ക്ലാസിലെ കുട്ടികളോട് സഹപാഠിയെ തല്ലാൻ നിർദ്ദേശിക്കുന്ന വീഡിയോ ഇപ്പോൾ വലിയ വിവാദമാണ് സൃഷ്ടിക്കുന്നത്. ഗുണനപ്പട്ടിക പഠിക്കാത്തതിന്റെ പേരിലാണ് സഹപാഠിയെ തല്ലാൻ ഈ ക്ലാസിലെ മറ്റു കുട്ടികളോട് ആവശ്യപ്പെട്ടതെന്നാണ് പറയുന്നത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി മുസാഫർനഗർ ജില്ലാ മജിസ്ട്രേറ്റ് അരവിന്ദ് മല്ലപ്പ അറിയിച്ചു. അധ്യാപികക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട് എന്ന് ഉത്തർപ്രദേശ് പോലീസും വ്യക്തമാക്കി.
ഇരയായ കുട്ടിക്ക് കൗൺസിലിംഗ് നൽകാൻ ആരംഭിച്ചതായി ഉത്തർപ്രദേശിലെ ശിശുക്ഷേമ സമിതി അധികൃതർ അറിയിച്ചിട്ടുണ്ട്. വീഡിയോ പകർത്തിയത് ഇരയുടെ അമ്മാവന്റെ മകൻ ആണ്. വീഡിയോയിലെ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്തത് ആണ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ഈ വീഡിയോ വലിയ രീതിയിൽ വൈറൽ ആയതോടെ രാജ്യമെങ്ങുനിന്നും കനത്ത പ്രതിഷേധമാണ് ഇതിനെതിരായി ഉയരുന്നത്.
അതേസമയം കുറ്റാരോപിതയായ നേഹ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ തൃപ്ത ത്യാഗി ഈ വീഡിയോ മോർഫ് ചെയ്ത് പുറത്തിറക്കിയതാണെന്ന് ആരോപിച്ചു. ഏറെക്കാലമായി ഗൃഹപാഠം ചെയ്യാൻ തയ്യാറാകാത്ത കുട്ടിയോട് കർക്കശമായി പെരുമാറാൻ കുട്ടിയുടെ വീട്ടുകാർ തന്നെയാണ് ആവശ്യപ്പെട്ടതെന്നും തൃപ്ത ത്യാഗി അറിയിച്ചു. തനിക്ക് വൈകല്യം ഉള്ളതിനാലാണ് ശിക്ഷ നൽകാൻ മറ്റു കുട്ടികളെ ഏൽപ്പിച്ചത്. നിരവധി മുസ്ലിം കുട്ടികൾ ഈ സ്കൂളിൽ തന്നെ പഠിക്കുന്നുണ്ട്. മുഹമ്മദീയരായ അമ്മമാർ കുട്ടികളെ അവധിക്കാലത്ത് അമ്മാവന്മാരുടെ വീടുകളിലേക്ക് വിടരുതെന്ന് ആവശ്യപ്പെട്ടത് എഡിറ്റ് ചെയ്തതാണ് വീഡിയോ പ്രചരിപ്പിച്ചത് എന്നാണ് പ്രിൻസിപ്പൽ പറയുന്നത്.
സംഭവത്തിൽ വർഗീയ ഇടപെടൽ ഇല്ലെന്ന് ഇരയായ കുട്ടിയുടെ പിതാവ് വ്യക്തമാക്കി. ഈ വിഷയത്തിൽ മതപരമായ വ്യത്യാസങ്ങൾ കാണിച്ചിട്ടുണ്ട് എന്ന് കരുതുന്നില്ല പക്ഷേ കുട്ടി ഈ സംഭവത്തെ തുടർന്ന് വലിയ രീതിയിൽ ഭയപ്പെട്ടിട്ടുണ്ട് എന്നും സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും പിതാവ് അറിയിച്ചു. അതേസമയം മുസാഫർ നഗർ സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ജയ്വീർ സിംഗ് അറിയിച്ചു.
Discussion about this post