മാഡ്രിഡ് : സ്പാനിഷ് താരമായ ജെന്നിഫർ ഹെർമോസോയെ അനുവാദമില്ലാതെ ചുംബിച്ചതിൽ സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലെസിനെ ഫിഫ സസ്പെൻഡ് ചെയ്തു. ഫിഫയുടെ അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തിൽ റുബിയാലസ് കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അന്തർദേശീയ തലത്തിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിൽ നിന്നുമാണ് റൂബിയാലെസിനെ താത്കാലികമായി ഒഴിവാക്കിയിരിക്കുന്നത്. 90 ദിവസത്തേക്കാണ് സസ്പെൻഷൻ.
ചുംബന വിവാദത്തിൽ സ്പാനിഷ് പ്രധാനമന്ത്രിയും ദേശീയ താരങ്ങളും രംഗത്തെത്തിയിരുന്നു. തുടർന്ന് വിഷയം ചർച്ച ചെയ്യാൻ സോക്കർ ഫെഡറേഷൻ അടിയന്തിര യോഗം ചേർന്നു. എന്നാൽ യോഗത്തിനു ശേഷം റൂബിയാലെസ് രാജിവെയ്ക്കാൻ തയ്യാറായില്ല.
ഫിഫ ലോകകപ്പിൽ സ്‌പെയിൻ കിരീടം ഉയർത്തിയതിന് തുടർന്ന് താരങ്ങൾക്ക് സ്വർണ്ണ മെഡൽ സമ്മാനിക്കുന്നതിനിടയിൽ ലൂയിസ് ജെന്നിഫറിനെ കെട്ടിപ്പിടിക്കുകയും ചുണ്ടിൽ ചുംബിക്കുകയും ചെയ്തിരുന്നു. പെരുമാറ്റത്തിൽ ഉണ്ടായ അതൃപ്തി താരം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു.
സംഭവം വിവാദമായതിനെ തുടർന്ന് റൂബിയാലെസ് പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. എങ്കിലും പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റാതെ ഇനി മത്സരങ്ങളിൽ പങ്കെടുക്കില്ലെന്ന് മറ്റ് താരങ്ങൾ നിലപാടെടുത്തിരുന്നു.തുടർന്നാണ് ഫിഫയുടെ നടപടി ഉണ്ടായത്.
Discussion about this post