ന്യൂഡൽഹി: കായിക താരങ്ങൾക്ക് മതിയായ പരിശീലനമോ സൗകര്യങ്ങളോ പരിഗണനയോ നൽകാത്ത പാകിസ്താൻ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പാക് ആക്ടിവിസ്റ്റ് സാഹിറ ബലോച്. സ്വന്തം താരങ്ങൾക്ക് ദേശീയ പതാക പോലും കൊടുത്ത് വിടാത്ത ഗതികെട്ട രാജ്യമാണ് പാകിസ്താനെന്ന് അവർ പറഞ്ഞു. ജാവലിൻ ത്രോ ഫൈനലിൽ നീരജ് ചോപ്രക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തിയ പാക് താരം അർഷാദ് നദീമിനെ മൂവർണക്കൊടിയിൽ ചേർത്ത് നിർത്തിയ ഇന്ത്യ വിശ്വമാനവികതയുടെ പ്രതീകമാണെന്നും ആഗോള കായിക സംസ്കാരത്തിന് മുതൽക്കൂട്ടാണെന്നും അവർ പറഞ്ഞു.
പാകിസ്താൻ സർക്കാർ ഒരിക്കലും തങ്ങളുടെ ജനങ്ങളെയോ കായിക താരങ്ങളെയോ ആദരിക്കുന്നില്ല എന്നതിന്റെ തെളിവാണ് അർഷാദ് നദീമിന് പാക് പതാക ലഭ്യമാകാതിരുന്ന സംഭവം. എന്നാൽ പാക് താരത്തിന് അപകർഷതാ ബോധം ഉണ്ടാകാത്ത തരത്തിൽ, മത്സരത്തിൽ ഒന്നാമത് എത്തിയ ഇന്ത്യൻ താരം നീരജ് ചോപ്ര അദ്ദേഹത്തെ സ്വന്തം പതാകയോട് ചേർത്ത് നിർത്തി. ഇത് തീർച്ചയായും വിശ്വമാനവികതയുടെയും ആഗോള കായിക സംസ്കാരത്തിന്റെയും പ്രതീകം എന്ന നിലയിൽ സുവർണ ലിപികളിൽ എഴുതപ്പെടേണ്ട നിമിഷമാണെന്ന് സാഹിറ പറഞ്ഞു.
അതേസമയം, തനിക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത് എത്തി വെള്ളി നേടിയ പാകിസ്താൻ താരം അർഷാദ് നദീമിനെ ഇന്ത്യൻ ദേശീയ പതാകയ്ക്ക് താഴെ ചേർത്ത് നിർത്തിയ നീരജ് ചോപ്രയുടെ പ്രവൃത്തിയെ കായിക ലോകം ഒന്നടങ്കം ആദരിക്കുകയാണ്. മത്സരത്തിന് ശേഷമുള്ള ഫോട്ടോ സെഷനിലായിരുന്നു ചോപ്ര സാഹോദര്യത്തിന്റെ മാതൃക ഇരു രാജ്യങ്ങളിലെയും ആരാധകർക്ക് പകർന്നു നൽകിയത്.
ബുഡാപെസ്റ്റിൽ നടന്ന ആവേശകരമായ മത്സരത്തിലെ രണ്ടാം ശ്രമത്തിൽ 88.17 മീറ്റർ ദൂരം കടന്ന നീരജ് ചോപ്ര മത്സരാവസാനം വരെ തന്റെ മേധാവിത്വം നിലനിർത്തിയാണ് സ്വർണ നേട്ടത്തിന് അർഹനായത്. വെള്ളി മെഡൽ നേടിയ കോമൺവെൽത്ത് ഗെയിംസ് ചാമ്പ്യനായ പാക് താരം അർഷാദ് നദീമിന്റെ ദൂരം 87.82 മീറ്ററായിരുന്നു. 86.67 മീറ്റർ ദൂരം കടന്ന ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്ലെക്ക് വെങ്കലം നേടി.
Discussion about this post