ചെന്നൈ : പെയിന്റ് ബ്രഷ് നിർമ്മാണത്തിനായി കീരികളെ വ്യാപകമായി വേട്ടയാടുന്നതിനെ തുടർന്ന് തമിഴ്നാട്ടിൽ വനം വകുപ്പിന്റെ വ്യാപക പരിശോധന. കീരിയുടെ രോമം ഉപയോഗിച്ച് നിർമ്മിച്ച 14,000 പെയിന്റ് ബ്രഷുകൾ വനം വകുപ്പ് പിടിച്ചെടുത്തു. കോയമ്പത്തൂർ, മധുര, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് വ്യാപകമായി കീരി രോമം ഉപയോഗിച്ചുള്ള പെയിന്റ് ബ്രഷുകൾ കണ്ടെത്തിയത്. തമിഴ്‌നാട് വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ ആണ് പരിശോധന നടത്തിയത്.
വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്തിയത്. ചെന്നൈയിൽ നിന്ന് 7,800 ബ്രഷുകളും കോയമ്പത്തൂരിൽ നിന്ന് 3,200 എണ്ണവും മധുരയിൽ നിന്ന് 3,000 എണ്ണവുമാണ് പിടിച്ചെടുത്തത്. വിവിധ ഇടങ്ങളിൽ നിന്നായി മൊത്തം ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
പല റീട്ടെയിൽ വ്യാപാരികളും വില്പനക്കാരും വില്പന നടത്തുന്നുണ്ട്. നിയമപരമായി ഇത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ പല വ്യാപാരികൾക്കും ഇത്തരം ബ്രഷുകൾ കീരിയുടെ രോമം കൊണ്ടാണ് നിർമ്മിക്കുന്നത് എന്നറിയാത്തതിനാലാണ് ഇവ വില്പന നടത്തിയത് എന്നാണ് വനം വകുപ്പ് പറയുന്നത്. വന്യജീവി സംരക്ഷണ ഭേദഗതി നിയമം, 2022-ന്റെ ഷെഡ്യൂൾ I പ്രകാരമുള്ള ഒരു സംരക്ഷിത ഇനമാണ് കീരി . പാമ്പ്, എലി, ചുണ്ടെലി, മറ്റ് ചെറിയ മൃഗങ്ങൾ എന്നിവയെ വേട്ടയാടുന്ന ഇവ ഭക്ഷ്യവിളകൾ സംരക്ഷിക്കുന്നതിൽ ആവാസ വ്യവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്.











