ബംഗുളൂരു : ചന്ദ്രോപരിതലത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന വിക്രം ലാന്‍ഡറിന്റെ ചിത്രം പകര്‍ത്തി പ്രഗ്യാന്‍ റോവര്‍. ബുധനാഴ്ച രാവിലെയാണ് പ്രഗ്യാന്‍ റോവറിലെ നാവിഗേഷന്‍ ക്യാമറ മാതൃപേടകമായ വിക്രം ലാന്‍ഡറിന്റെ ചിത്രമെടുത്തത്. ‘ഇമേജ് ഓഫ് ദ മിഷന്‍’ എന്ന വിശേഷണത്തോടെയാണ് ഐഎസ്ആര്‍ഒ ചിത്രം എക്സ് അക്കൗണ്ടില്‍ പങ്ക് വച്ചത്.
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3-ന്റെ നിര്‍ണായകഘടകമാണ് നാവിഗേഷന്‍ ക്യാമറകള്‍. റോവറിന്റെ നേത്രങ്ങള്‍ പോലെയാണ് ഈ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത്. ചാന്ദ്രപ്രദേശത്തിന്റെ പര്യവേക്ഷണത്തില്‍ റോവറിനെ നയിക്കുന്നത് ഈ ക്യാമറകളാണ്. സഞ്ചാരപാത നിര്‍ണയിച്ചും പാതയിലെ പ്രതിബന്ധങ്ങള്‍ ഒഴിവാക്കിയും റോവറിന്റെ സുരക്ഷിത സഞ്ചാരത്തിന് വഴിയൊരുക്കുന്നത് നാവിഗേഷന്‍ ക്യാമറകളാണ്.
വിലപ്പെട്ട ശാസ്ത്രവിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രഗ്യാന്‍ റോവറും വിക്രം ലാന്‍ഡറും ഏകോപിതപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. റോവറില്‍ രണ്ട് പേലോഡുകളാണുള്ളത്. ദ ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്സ്-റേ സ്പെക്ട്രോമീറ്ററും ലേസര്‍ ഇന്ഡ്യൂസ്ഡ് ബ്രേക്ക്ഡൗണ്‍ സ്പെക്ട്രോസ്‌കോപ്പും. ഇവ ചന്ദ്രോപരിതലത്തിലെ മണ്ണ്, പാറ എന്നിവയുടെ ഘടനയെ വിശകലനം ചെയ്യുന്നതിന് സഹായിക്കുന്നു.
പ്രഗ്യാന്‍ റോവര്‍ പകര്‍ത്തിയ വിക്രം ലാന്‍ഡറിന്റെ ചിത്രം ചന്ദ്രയാന്‍ ദൗത്യത്തിലെ സുപ്രധാന നാഴികക്കല്ലാണ്. റോവറും ലാന്‍ഡറും തമ്മിലുള്ള വിജയകരമായ സഹകരണം മാത്രമല്ല മറിച്ച് നാവിഗേഷന്‍ ക്യാമറകളുടെ സാങ്കേതിക മികവും ഇതിലൂടെ വ്യക്തമാകുന്നു. ഈ ക്യാമറകള്‍ പകര്‍ത്തിയ ചിത്രത്തിലൂടെ ഞായറാഴ്ച റോവറിന്റെ സഞ്ചാരപാതയില്‍ വലിയ ഗര്‍ത്തം കണ്ടെത്തുകയും തുടര്‍ന്ന് സഞ്ചാരപാതയില്‍ വ്യതിയാനം വരുത്തുകയും ചെയ്തിരുന്നു.
Discussion about this post