തൃശ്ശൂര്‍: ഓണാഘോഷം പൊടിപൊടുക്കുന്നതിനിടയില്‍ ജില്ലയെ ഞെട്ടിച്ച് ഇരട്ടക്കൊലപാതകം. രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ രണ്ടു യുവാക്കളാണ് കൊല്ലപ്പെട്ടത്. ചിയ്യാരത്ത് റെയില്‍വേ ട്രാക്കിന് സമീപം യുവാവിനെ കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. പൂത്തോള്‍ ബിഎസ്എന്‍എല്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന പ്രിബുവിന്റെ മകന്‍ കരുണാമയന്‍ എന്ന വിഷ്ണു (25) ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. രക്തം വാര്‍ന്ന നിലയില്‍ പരിസരവാസികളാണ് വിഷ്ണുവിനെ റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന ഇടവഴിയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാള്‍ മരണപ്പെടുകയായിരുന്നു.
വിഷ്ണുവിനെ കുത്താനുപയോഗിച്ചതെന്ന് കരുതുന്ന കത്തിയുടെ ഉറ മൃതദേഹത്തിന്റെ സമീപത്തുനിന്ന് പോലീസ് കണ്ടെത്തി. തൃശൂര്‍ എസിപി സജീവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ വിഷ്ണുവിനെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഇയാള്‍ പിന്നീട് ശിക്ഷാ കാലാവധി കഴിഞ്ഞു തിരിച്ചെത്തിയതാണെന്ന് പൊലീസ് പറഞ്ഞു. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
അതേസമയം ബുധനാഴ്ച വൈകിട്ട് കുമ്മാട്ടി മഹോത്സവത്തിനിടെയാണ് ജില്ലയില്‍ മറ്റൊരു കൊലപാതകം നടന്നത്. മൂര്‍ക്കനിക്കരയില്‍ കുമ്മാട്ടി മഹോത്സവത്തിനിടെ കുത്തേറ്റ മുളയം സ്വദേശി അഖിലാണ് കൊല്ലപ്പെട്ടത്. 28 വയസ്സായിരുന്നു. കുത്തേറ്റ അഖിലിനെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇരു കേസുകളിലും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
Discussion about this post