എക്സ് പ്ലാറ്റ്ഫോമില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇലോണ്‍ മസ്ക്. ഫോണ്‍ നമ്പര്‍ ഇല്ലാതെ തന്നെ ഇനി ഓഡിയോ-വീഡിയോ കാള്‍ ചെയ്യുന്നതിനുള്ള സൗകര്യമാണ് പുതിയതായി ഒരുക്കിയിരിക്കുന്നത്. ഉടന്‍ വീഡിയോ കോള്‍ സേവനം എക്സില്‍ ലഭ്യമാക്കുമെന്ന് സിഇഒ ലിന്‍ഡ യാക്കരിനാ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി ഇലോണ്‍ മസ്ക് തന്നെ രംഗത്തെത്തിയിരിക്കുന്നത്. തന്റെ എക്സ് അക്കൗണ്ട് വഴിയാണ് അദ്ദേഹം ഇക്കാര്യം ലോകത്തെ അറിയിച്ചത്.
പുതിയ ഫീച്ചര്‍ ആന്‍ഡ്രോയിഡ്, ഐഒഎസ്, പിസി, മാക് എന്നിവയില്‍ ലഭ്യമാകുമെന്ന് ഇലോണ്‍ മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഏകദേശം ഇന്സ്റ്റഗ്രാമിന് സമാനമായ രീതിയിലാണ് വീഡിയോ കോള്‍ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. എക്സിന്റെ ഡിഎം മെനുവിന്റെ മുകളില്‍ വലത് കോണിലായിട്ടാണ് വീഡിയോ കോളിന്റെ ഓപ്ഷന് നല്‍കിയിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ എക്സിലെ ഡിസൈനറായ ആന്‍ഡ്രിയാ കോണ്‍വേ തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.
വാട്സാപ്പിലേതു പോലെ തന്നെ എക്സിലും വിഡിയോ കോള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ളതായിരിക്കുമെന്നും മസ്ക് വ്യക്തമാക്കിയിട്ടുണ്ട്. ട്വിറ്റര്‍ സ്വന്തമാക്കിയതിന് ശേഷം ഇലോണ്‍ മസ്ക് അതിന്റെ പേര് എക്സ് എന്നാക്കി മാറ്റിയിരുന്നു. പിന്നാലെ നിരവധി പുതിയ ഫീച്ചറുകളാണ് എക്സില്‍ കൊണ്ടുവന്നത്. ഫേസ്ബുക്കിലേതു പോലെ വലിയ പോസ്റ്റുകള്‍, യുട്യൂബിലേതു പോലെ ദൈര്‍ഘ്യമുള്ള വിഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയും. പ്രീമിയം സബ്സ്ക്രൈബര്‍മാര്‍ക്ക് മാത്രമായിട്ടാണ് ഈ ഘട്ടത്തില്‍ ഇവ ലഭ്യമാകുക. 1080 റെസല്യൂഷനില്‍ രണ്ട് മണിക്കൂര്‍ വരെ അല്ലെങ്കില്‍ 720 റെസല്യൂഷനില്‍ മൂന്ന് മണിക്കൂര്‍ വരെ നീളുന്ന വീഡിയോകള്‍ അപ്ലോഡ് ചെയ്യാന്‍ ഇവര്‍ക്ക് സാധ്യമാകും. കൂടാതെ മൊബൈല്‍ ഉപകരണങ്ങളില്‍ നിന്നുള്ള തത്സമയ സംപ്രേക്ഷണത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തിയിട്ടുണ്ട്.
Discussion about this post