റാബത്ത് (മൊറോക്കോ): ജെറ്റ് സ്‌കീയിങ്ങിനിടെ അബദ്ധത്തില്‍ സമുദ്രാതിര്‍ത്തി ലംഘിച്ച രണ്ട് വിനോദ സഞ്ചാരികളെ അള്‍ജീരിയന്‍ തീരസംരക്ഷണ സേന വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മൊറോക്കോ – ഫ്രഞ്ച് പൗരന്‍മാരായ ബിലാല്‍ കിസ്സി, അബ്ദെലാലി മെര്‍ക്കൂവര്‍ എന്നിവരാണ് മരിച്ചത്. മൊറോക്കോ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്ത് വിട്ടത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. മൊറോക്കോയുടെ വടക്കുകിഴക്കന്‍ മുനമ്പിലെ സയ്ദിയ ബീച്ചില്‍ ജെറ്റ് സ്‌കീയിങ് നടത്തുന്നതിനിടെയാണ് ഇരുവരെയും അള്‍ജീരിയന്‍ സേന വെടിവച്ചിട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സ്മായില്‍ സ്‌നാബെ എന്ന ഫ്രഞ്ച് – മൊറോക്കോ പൗരനെ അറസ്റ്റ് ചെയ്തതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാല് പേരുടെ സംഘമാണ് ജെറ്റ് സ്‌കീയിങ്ങിനായി പുറപ്പെട്ടത്. കൊല്ലപ്പെട്ട ബിലാല്‍ കിസ്സിയുടെ സഹോദരന്‍ മുഹമ്മദ് കിസ്സിയാണ് സംഘത്തിലുണ്ടായിരുന്ന നാലാമന്‍.
കൊല്ലപ്പെട്ടവര്‍ക്കു നേരെ അള്‍ജീരിയന്‍ തീരസംരക്ഷണ സേന അഞ്ച് റൗണ്ട് വെടിയുതിര്‍ത്തതായി മുഹമ്മദ് കിസ്സി വെളിപ്പെടുത്തി. അവര്‍ പിടികൂടിയ സംഘത്തിലെ മൂന്നാമനും ഒരു തവണ വെടിയേറ്റതായി മുഹമ്മദ് കിസ്സി പറയുന്നു. ജെറ്റ് സ്‌കീയിങ്ങിനിടെ ഇവര്‍ക്ക് ദിശ തെറ്റുകയായിരുന്നു. ശരിയായ ദിശ കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ ഇടയില്‍ ഇന്ധനം തീര്‍ന്നത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചു. ഇതിനിടെ കൂട്ടം തെറ്റിപ്പോയവരാണ് അള്‍ജീരിയന്‍ അതിര്‍ത്തിയിലേക്കു കടന്നതെന്ന് മുഹമ്മദ് കിസ്സി വിശദീകരിച്ചു. കടലില്‍ ദിശ കിട്ടാതെ അലഞ്ഞ മുഹമ്മദ് കിസ്സിയെ മൊറോക്കോ നാവികസേനയാണ് രക്ഷപ്പെടുത്തി തിരിച്ചെത്തിച്ചത്.
പടിഞ്ഞാറന്‍ സഹാറയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തിനിടെയാണ് മൊറോക്കോ – ഫ്രഞ്ച് പൗരന്‍മാരെ അള്‍ജീരിയന്‍ തീരസംരക്ഷണ സേന വെടിവച്ചു കൊന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി 1994 മുതല്‍ അടച്ചിട്ടിരിക്കുകയാണ്. 2021ല്‍ മൊറോക്കോയുമായുള്ള എല്ലാ ബന്ധങ്ങളും അള്‍ജീരിയ ഉപേക്ഷിച്ചിരുന്നു.
Discussion about this post