എറണാകുളം : മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് യാത്രയയപ്പ് പാർട്ടി നൽകാനായി കേരള സർക്കാർ ചെലവഴിച്ചത് 1,22,420 രൂപ. വിവരാവകാശ രേഖപ്രകാരം പൊതുഭരണ വകുപ്പ് നൽകിയ മറുപടിയിലാണ് മുൻ ചീഫ് ജസ്റ്റിസിന്റെ യാത്രയയപ്പ് പാർട്ടിയുടെ വിശദാംശങ്ങൾ വെളിവായിട്ടുള്ളത്. ഇതുവരെയുള്ള കേരള സർക്കാരുകളുടെ കാലഘട്ടത്തിൽ കേട്ട് കേൾവി പോലുമില്ലാത്ത കീഴ്‌വഴക്കമാണ് ചീഫ് ജസ്റ്റിസിന് യാത്രയയപ്പ് നൽകുന്നതെന്ന് നേരത്തെ തന്നെ പ്രതിപക്ഷം വിമർശനമുന്നയിച്ചിരുന്നു.
1.22 ലക്ഷം രൂപ ചിലവാക്കി കേരള സർക്കാർ എസ് മണികുമാറിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ ആകെ 10 പേർ മാത്രമാണ് പങ്കെടുത്തിട്ടുള്ളത്. കോവളം ലീല ഹോട്ടലിലായിരുന്നു യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചിരുന്നത്.
ക്ഷണക്കത്ത് അച്ചടിച്ച് വിതരണം ചെയ്തതിന് 2650 രൂപ ചെലവായി. 1,19,770 രൂപ ഹോട്ടലിനും നൽകി എന്നിങ്ങനെയാണ് പണം ചെലവഴിച്ചതിന്റെ വിശദാംശങ്ങൾ. വിവരാവകാശ നിയമപ്രകാരം കൊച്ചിയിലെ പ്രോപ്പർ ചാനൽ സംഘടന പ്രസിഡൻറ് എം കെ ഹരിദാസിന് ലഭിച്ച മറുപടിയിലാണ് പൊതുഭരണ വകുപ്പ് യാത്രയയപ്പ് പാർട്ടിയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഇത്തരം അനാവശ്യ ചെലവുകളെന്ന് എം കെ ഹരിദാസ് വിമർശനമുന്നയിച്ചു.
തീർത്തും അനാവശ്യമായ ഇത്തരമൊരു യാത്രയായപ്പ് പാർട്ടിക്കെതിരെ പ്രതിപക്ഷം ആദ്യഘട്ടത്തിൽ തന്നെ എതിർപ്പുന്നയിച്ചിരുന്നു . യാത്രയയപ്പ് പാർട്ടി നൽകിയ മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനാക്കാനുളള ഒരുക്കത്തിലാണ് കേരള സർക്കാർ. ഈ തീരുമാനത്തിനെതിരെയും പ്രതിപക്ഷം വിമർശനമുന്നയിച്ചിട്ടുണ്ട്.
Discussion about this post