ബംഗളൂരു: ഘട്ടം ഘട്ടമായി വാനവും കീഴടക്കുകയാണ് ഭാരതം. സൗരദൗത്യത്തിലൂടെ മറ്റൊരു യുഗപിറവിക്കാണ് ഇന്ത്യ തുടക്കമിട്ടിരിക്കുന്നത്. വിജയകരമായി വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1 ൽ കേരളത്തിന് വലിയ പങ്കാണുള്ളത്.
പേടകത്തിന്റെയും റോക്കറ്റിന്റെയും പല പ്രധാന ഭാഗങ്ങളും നിർമ്മിച്ചത് കേരളത്തിലാണ്. ആദിത്യയെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിക്കുന്ന പി എസ് എൽ വി റോക്കറ്റിന്റെ നിർണായക ഭാഗങ്ങളായ ലിക്വിഡ് എഞ്ചിനുകൾ വികസിപ്പിച്ചത് തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റം സെന്ററിലാണ്.
പല ഘട്ടങ്ങളിലായി ഭ്രമണപഥം ഉയർത്തിയായിട്ടായിരിക്കും പേടകത്തെ 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലക്ഷ്യത്തിലേക്കെത്തുക. ഇതിനായി ഉപയോഗിക്കുന്ന കുഞ്ഞൻ റോക്കറ്റ് എൻജിനുകളാണ് വലിയമലയിലെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റം സെന്ററിൽ നിർമ്മിച്ചത്. ആദിത്യ എൽ-1 റോക്കറ്റിലെ പ്രധാന പേലോഡായ (ശാസ്ത്ര ഉപകരണം) പാപ്പ നിർമ്മിച്ചിരിക്കുന്നത് തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലാണ്.
ആദിത്യ എൽ-1 ലെ പേലോഡുകൾ എല്ലാ തന്നെ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചതാണ്. വിസിബിൾ ലൈൻ എമിഷൻ കൊറോണാഗ്രാഫ്, സോളാർ അൾട്രാവൈലറ്റ് ഇമേജിംഗ് ടെലെസ്‌കോപ്, സോളാർ ലോ എനർജി എക്‌സ്‌റേ സ്‌പെക്ട്രോമീറ്റർ, ഹൈ എനർജി എൽ1 ഓർബിറ്റിംഗ് എക്‌സ്‌റേ സ്‌പെക്ട്രോമീറ്റർ, ആദിത്യ സോളാർ വിൻഡ് പാർട്ടിക്കിൾ എക്‌സ്പീരിമെന്റ്, പ്ലാസ്മ അനലൈസർ പാക്കേജ് ഫോർ ആദിത്യ, മാഗ്‌നെറ്റോമീറ്റർ എന്നിവയാണ് ആദിത്യയിലെ മറ്റ് പേലോഡുകൾ.
ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദു(എൽ1)വിനു ചുറ്റുമുള്ള സാങ്കൽപിക ഭ്രമണപഥത്തിലാണ് ആദിത്യ എൽ1 എത്തുക. കൊറോണൽ മാസ് ഇജക്ഷൻ (സിഎംഇ) ആണ് പ്രധാനമായും പഠിക്കുക. സൗരാന്തരീക്ഷത്തിന്റെ മുകൾഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷൻ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേയമാക്കും.









Discussion about this post