ചാന്ദ്രയാൻ-3 ദൗത്യത്തിൽ ഏൽപ്പിച്ചിരുന്ന ജോലികൾ പൂർത്തിയാക്കിയ ശേഷം ഉറങ്ങാൻ ഒരുങ്ങുകയാണ് പ്രഗ്യാൻ റോവർ. 11 ദിവസത്തെ ചന്ദ്രോപരിതലത്തിലെ പരീക്ഷണങ്ങൾക്കും കണ്ടെത്തലുകൾക്കും ശേഷം റോവറിനെ സ്ലീപ് മോഡിലേക്ക് സജ്ജീകരിക്കുകയാണ് ഐഎസ്ആർഒ ശാസ്ത്രജ്ഞർ. ചന്ദ്രനിൽ സൂര്യാസ്തമയം അടുത്തതിനാലാണ് റോവറിനെ സ്ലീപ്പ് മോഡിലേക്ക് മാറ്റുന്നത്. പ്രഗ്യാനെ സ്ലീപ് മോഡിലേക്ക് മാറ്റിക്കഴിഞ്ഞാൽ എല്ലാ പേലോഡുകളിൽ നിന്നുമുള്ള ഡാറ്റ വിക്രം ലാൻഡർ വഴി ഭൂമിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുമെന്നാണ് ഐഎസ്ആർഒ അറിയിച്ചിരിക്കുന്നത്.
സൗരോർജ്ജത്താൽ പ്രവർത്തിക്കുന്ന പ്രഗ്യാൻ റോവറിന് ചന്ദ്രോപരിതലത്തിൽ സൂര്യപ്രകാശം ലഭിക്കുന്ന സമയത്ത് മാത്രമാണ് പ്രവർത്തിക്കാനാവുക. ഭൂമിയിലെ 14 ദിവസത്തിന് തുല്യമായ ഒരു ചാന്ദ്രദിനം അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ്. സൂര്യപ്രകാശം പൂർണമായി നഷ്ടപ്പെട്ടാൽ റോവർ തീർത്തും പ്രവർത്തനരഹിതമാകും. ഈ കാരണത്താലാണ് ഐഎസ്ആർഒ ശാസ്ത്രജ്ഞർ റോവറിനെ ഇപ്പോൾ സ്ലീപ് മോഡിലേക്ക് മാറ്റുന്നത്.
സെപ്റ്റംബർ 22-നാണ് ചന്ദ്രനിൽ ഇനി വീണ്ടും സൂര്യോദയം ഉണ്ടാവുക. ആ സൂര്യോദയത്തിൽ പ്രഗ്യാൻ റോവറിനെ വീണ്ടും ഉണർത്താൻ കഴിയുമോ എന്ന പരീക്ഷണത്തിലാണ് ഇപ്പോൾ ഐഎസ്ആർഒ ശാസ്ത്രജ്ഞർ. ഒരു ചാന്ദ്ര ദിന ആയുസ്സ് ഉള്ളതായിട്ടാണ് പ്രഗ്യാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നതെങ്കിലും ചന്ദ്രനിൽ വീണ്ടും സൂര്യപ്രകാശം ലഭിക്കുന്ന സമയത്ത് സോളാർ പാനലുകൾ പ്രവർത്തിക്കുമോ എന്നാണ് ശാസ്ത്രജ്ഞർ പരീക്ഷിക്കുന്നത്. നിലവിൽ ഐഎസ്ആർഒ നൽകിയിരുന്ന എല്ലാ പരീക്ഷണദൗത്യങ്ങളും പ്രഗ്യാൻ റോവർ പൂർത്തീകരിച്ചു കഴിഞ്ഞു.
Discussion about this post