ചെന്നൈ: ജയിലർ സിനിമയുടെ വമ്പൻ വിജയത്തിന് പ്രതിഫലമായി രജനീകാന്തിന് 100 കോടി രൂപയും രണ്ട് ബിഎംഡബ്ല്യു കാറുകളും നിർമാതാവ് കലാനിധി മാരൻ സമ്മാനമായി നൽകിയത് കഴിഞ്ഞ ദിവസം വാർത്തയായിരുന്നു. പ്രതിഫലത്തിന് പുറമേ സിനിമ പ്രതീക്ഷിച്ചതിലും കൂടുതൽ ലാഭം നേടിയതോടെ ലാഭ വിഹിതമായിട്ടാണ് ബിഎംഡബ്ല്യു കാറുകൾ നൽകിയത്.
കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും സമ്പന്നനായ ചലച്ചിത്ര നിർമ്മാതാവാണ് കലാനിധി മാരൻ. രജനിക്ക് നൽകിയ സമ്മാനത്തിന് പിന്നാലെ മാരന്റെ സമ്പത്തും ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ വാർത്തയായിക്കഴിഞ്ഞു. ആദിത്യ ചോപ്ര, കരൺ ജോഹർ തുടങ്ങിയ നിർമ്മാതാക്കളെക്കാളും ബഹുദൂരം മുൻപിലാണ് അദ്ദേഹത്തിന്റെ ആസ്തി.
2022 ലെ ഫോർബ്‌സ് മാസികയുടെ കണക്കു പ്രകാരം 2.3 ബില്ല്യൺ ഡോളർ അഥവാ 19000 കോടി രൂപ ആയിരുന്നു കലാനിധി മാരന്റെ ആസ്തി. ഫിനാൻഷ്യൽ എക്‌സ്പ്രസ് പങ്കുവെക്കുന്നതനുസരിച്ച് 2021-22 ലെ അദ്ദേഹത്തിന്റെ ശമ്പളം 87.50 കോടിയാണ്. എന്നാൽ കോവിഡ് പിടിമുറുക്കുന്ന 2019 വരെ മുകേഷ് അംബാനിയുടെ പ്രതിവർഷ ശമ്പളമാകട്ടെ 15 കോടി രൂപ മാത്രമായിരുന്നു.
സീ ന്യൂസ് പുറത്തുവിടുന്ന കണക്കനുസരിച്ച് കലാനിധി മാരന്റെ ഭാര്യ കാവേരി 2012 മുതൽ 2021 വരെയുളള 10 വർഷത്തിൽ 1500 കോടി രൂപയാണ് ശമ്പളമായി കൈപ്പറ്റിയത്. ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമ്മാണക്കമ്പനിയായ സൺ പിക്‌ചേഴ്‌സ്, സൺ ടെലിവിഷൻ നെറ്റ് വർക്ക് എന്നിവയും കലാനിധി മാരന്റെ ഉടമസ്ഥതയിൽ ഉള്ളതാണ്.
ഇപ്പോഴും തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന ജയിലർ ആഗോളതലത്തിൽ ഇതുവരെ ഏകദേശം 600 കോടിയോളം കളക്ഷൻ നേടിയിട്ടുണ്ട്. 1.25 കോടി രൂപ വീതം വില വരുന്ന ബിഎംഡബ്ല്യു കാറുകളാണ് രജനീകാന്തിന് സമ്മാനമായി സൺ പിക്‌ചേഴ്‌സ് നൽകിയത്.
Discussion about this post